ഇറങ്ങാത്ത സിനിമയുടെ റിവ്യൂ; ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു; അബ്രഹാമിന്റെ സന്തതികളെ കുറിച്ച് മോശം റിവ്യൂ എഴുതിയ വെബ്‌സൈറ്റിനെതിരെ നിര്‍മ്മാതാവ്

single-img
16 June 2018

ഇന്ന് തീയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തെ കുറിച്ച് ഒരു വെബ്‌സൈറ്റ് ഇന്നലെ തന്നെ മോശം റിവ്യൂ നല്‍കിയിരുന്നു. മലയാള സിനിമകളുടെ ഉള്‍പ്പെടെ റിവ്യുകള്‍ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് വെബ്‌സൈറ്റായ ന്യൂസ്‌ഫോളോയിലാണ് സിനിമ ഇറങ്ങും മുന്‍പ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയം പോലെ തന്നെ മോശമാണ് സിനിമയെന്നുമൊക്കെയാണ് ശുഭം ദ്വിവേദി എന്ന പേരില്‍ എഴുതിയിരിക്കുന്നത്. ഈ വെബ്‌സൈറ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. ഫെയ്‌സ്ബുക്കിലൂടെയാണ് ജോബിയുടെ പ്രതികരണം.

ജോബി ജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇതാണ് നമ്മുടെ കേരളം. ഇറങ്ങാത്ത സിനിമയുടെ റിവ്യൂ. ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു. പ്രതികാരം ദൈവത്തിനു മാത്രം. ഞാന്‍ സ്‌നേഹിക്കുന്നു നിന്നെ.. എഴുത്തുകാരാ.

സാധാരണ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സിനിമ റിലീസ് ആകുന്നതിന് മുന്‍പ് പ്രിവ്യു ഷോ നടത്താറുണ്ട്. എന്നാല്‍, അബ്രഹാമിന്റെ സന്തതികള്‍ക്കായി പ്രിവ്യു ഷോയും നടത്തിയിട്ടില്ല എന്നാണ് അണിയറക്കാര്‍ പറയുന്നത്. ഇന്നലെ ജോബി ജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണത്തിന് പിന്നാലെ ന്യൂസ്‌ഫോളോ റിവ്യു നീക്കം ചെയ്തു.