ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയില്‍ നിന്ന് പുറത്തേക്ക്?

single-img
15 June 2018

sinha to quit bjpപറ്റ്‌ന: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ബിഹാര്‍ ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്‍ജെഡി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായ് സിന്‍ഹയെ താക്കീത് ചെയ്തതിനു പിന്നാലെയാണ് ആര്‍ജെഡിയുടെ നീക്കം.

എന്‍ഡിഎയില്‍ ഉള്‍പ്പെട്ട ജെഡി(യു) ബുധനാഴ്ച നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ ആര്‍ജെഡിയുടെ വിരുന്നില്‍ പങ്കെടുത്തുകൊണ്ട് ശത്രുഘന്‍ സിന്‍ഹ രാഷ്ട്രീയ ചാഞ്ചാട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇഫ്താര്‍ വിരുന്നിനെത്തിയ സിന്‍ഹ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വീട്ടില്‍ അരമണിക്കൂറോളം ചിലവഴിച്ചു.

ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും ലാലുപ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതി ശത്രുഘന്‍ സിന്‍ഹയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ‘ശത്രുഘന്‍ ബിജെപിയുടെ മാത്രം ശത്രുവാണ്, ഞങ്ങളുടെയല്ല. അദ്ദേഹത്തിന് താല്‍പര്യമുണ്ടെങ്കില്‍ പറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ ആര്‍ജെഡി നേതൃത്വം തയ്യാറാണ്’- മിസ പറഞ്ഞു.

ശത്രുഘന്‍ സിന്‍ഹയുടെ ബിജെപിയിലെ നാളുകള്‍ എണ്ണപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായ് പറഞ്ഞു. സിന്‍ഹയ്‌ക്കെതിരായി ഏതുനിമിഷവും നടപടിയുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, താന്‍ ബിജെപി വിടുകയാണെന്ന വാര്‍ത്തകള്‍ ശത്രുഘന്‍ സിന്‍ഹ നിഷേധിച്ചു. ലാലുപ്രസാദും അദ്ദേഹത്തിന്റെ മക്കളും തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അതിന്റെ ഭാഗമായാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.