വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു

single-img
15 June 2018

പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തെക്കുറിച്ചുളള ഓരോ വാര്‍ത്തകളും ആഘോഷമാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനവേഷത്തില്‍ പ്രഭു എത്തുന്നതാണ് പുതിയ ആകര്‍ഷണം. 22 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും പ്രഭുവും ഒരുമിക്കുന്നത്. നേരത്തെ പ്രിയന്റെ തന്നെ കാലാപാനിയിലൂടെയാണ് ഇരുവരും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയത്.

നേരത്തെ പുലിമുരുകനില്‍ പ്രഭു അഭിനയിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് നടന്നില്ല. കാലാപാനിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രഭു മരയ്ക്കാറില്‍ അതീവ പ്രാധാന്യമുള്ള വേഷത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍. കുഞ്ഞാലി ഒന്നാമനായി മധുവും, ബോളിവുഡില്‍ നിന്നും ഒരു പ്രമുഖ താരവും അണിനിരക്കുമെന്നും സൂചനകളുണ്ട്. ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റ് സംയുക്തമായാണ് മരയ്ക്കാര്‍ നിര്‍മ്മിക്കുന്നത്.

നവംബറില്‍ ചിത്രീകരണം അരംഭിക്കുന്ന ചിത്രം വന്‍ ബഡ്ജറ്റിലാകും ഒരുങ്ങുന്നത്. ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങളും ചിത്രത്തിലുണ്ടാകും. സിനിമയുടെ ഒട്ടുമുക്കാല്‍ രംഗങ്ങളും കടലിലാകും ചിത്രീകരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 25ാമത് പ്രൊജക്ടാണ് മരയ്ക്കാര്‍. പ്രിയദര്‍ശന്റെ 95ാമത് സംവിധാന സംരംഭവും വാര്‍ ആന്റ് ലവ്, മലയാളിമാമന് വണക്കം, ബെസ്റ്റ് ഓഫ് ലക്ക്, പ്രമാണി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രഭു നേരത്തെ മലയാളത്തില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.