മുതലകളുടെ പേടിസ്വപ്‌നമായിരുന്ന പിപയ്ക്ക് ഒടുവില്‍ സംഭവിച്ചത്

single-img
15 June 2018

ടെറിയര്‍ ഇനത്തില്‍പ്പെട്ട പിപ എന്ന പട്ടി മുതലകളുടെ പേടിസ്വപ്‌നമായിരുന്നു. അഡ്‌ലെയ്ഡ് നദിയുടെ തീരങ്ങളില്‍ വിശ്രമിക്കാനെത്തുന്ന കൂറ്റന്‍ കായല്‍ മുതലകളെ വിരട്ടിയോടിക്കലായിരുന്നു പിപയുടെ പ്രധാന വിനോദം.ഓസ്‌ട്രേലിയയിലെ ഗോട്ട് ഐലന്റിലെ കൗതുക കാഴ്ച്ചയായിരുന്നു ഇത്. ഉടമയ്‌ക്കൊപ്പം നടക്കാനിറങ്ങിയ പിപ തീരത്തുറങ്ങുന്ന മുതലകളെ വിരട്ടിയോടിക്കാന്‍ തുടങ്ങി. സാധാരണ നായകള്‍ മുതലകളുടെ അടുത്തേക്ക് പോകാന്‍ പോലും ഭയപ്പെട്ടിരുന്ന സമയത്താണ് പിപയുടെ ധീരകൃതൃം.

വൈകാതെ മുതലകളെ വിരട്ടിയോടിക്കുന്നത് പിപയ്ക്ക് ഹരമായി മാറി. ഇത് പതിവായതോടെ കാഴ്ച്ചക്കാരുടെ എണ്ണവും കൂടി.പിപ അവരുടെ പ്രാദേശിക ഹീറോ ആയി മാറി. പക്ഷേ ഭയപ്പെട്ടത് പോലെ ഒരു നാള്‍ അത് സംഭവിച്ചു. ആരാധകര്‍ നോക്കി നില്‍ക്കെ ഒരു മുതല പിപയെ അകത്താക്കി.

പിപ പലതവണ വിരട്ടിയോടിച്ചിട്ടുള്ള സിസ എന്ന മുതലയാണ് പിപയെ ആഹാരമാക്കിയത്. പിപയെ കടിച്ചെടുത്ത് സിസ വെള്ളത്തിലേക്ക് മറഞ്ഞതോടെ പിപയുടെ ഉടമയായ കായ്ഹന്‍സനെ പലരും അനുശോചനം അറിയിച്ചു. എന്നാല്‍ കഥയിലെ യഥാര്‍ത്ഥ നായകന്‍ മുതലയാണെന്നും മുതലകളെ ശല്യപ്പെടുത്താന്‍ അനുവദിച്ച കായ്ഹസനാണ് പിപയുടെ മരണത്തിന് കാരണക്കാരന്‍ എന്നും വാദം ഉയര്‍ന്നു.