കായലിൽ ചാടിയ സി.പി.എം നേതാവിന്റെ മൃതദേഹം കണ്ടെത്തി

single-img
15 June 2018

കൊച്ചി: കായലിൽ ചാടിയ സി.പി.എം നേതാവ്​ വി.കെ കൃഷ്​ണ​​ന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്തു നിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത്​ പ്രസിഡൻറായിരുന്നു വി.കെ കൃഷണൻ. വൈപ്പിനിൽ നിന്ന്​ ഫോർട്ട്​ കൊച്ചിയിലേക്ക്​ ബോട്ടിൽ സഞ്ചരിക്കവെ സഹയാത്രിക​​ന്റെ കൈയിൽ ആത്​മഹത്യാ കുറിപ്പ്​ നൽകിയ ശേഷം കായലിൽ ചാടുകയായിരുന്നു.

പാർട്ടിക്കെതിരെയുള്ള ആത്മഹത്യാകുറിപ്പിൽ തന്നെ പാർട്ടിയിൽ നിന്ന്​ പുകച്ച്​ പുറത്താക്കാൻ എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി ശ്രമിക്കുന്നുവെന്നും താൻ തെറ്റുകളുടെ കൂമ്പാരമാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പഞ്ചായത്തിൽ കോൺഗ്രസ്​ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചതി​നെ തുടർന്ന് ​അദ്ദേഹത്തിന്​ പ്രസിഡൻറ്​ സ്​ഥാനം നഷ്​ടമായിരുന്നു. അതേസമയം സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്നും കത്തില്‍ പറയുന്നു.

നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. 2005-’10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു. പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി.കെ. കൃഷ്ണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതവിഭാഗം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്.