എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെതിരെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേസെടുത്തു

single-img
15 June 2018

തിരുവനന്തപുരം∙ എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെതിരെയും കേസെടുത്തു. മര്‍ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്കറാണ് സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ദക്കെതിരെ പരാതി നല്‍കിയത്. ഗവാസ്കറിന്‍റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഇതിനിടെ ഗവാസ്കറിനെതിരെയും സ്നിഗ്ദ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ബറ്റാലിയൻ എഡിജിപി സുധേഷ് കുമാറിന്റെ മകൾ മർദിച്ചെന്ന് ആരോപിച്ച് ഡ്രൈവർ ഗവാസ്കറാണ് പരാതി നൽകിയത്.

ഇന്നലെ രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തിൽ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോൾ മകൾ ചീത്ത വിളിച്ചെന്നും എതിർത്തപ്പോൾ മൊബൈൽ ഫോണുകൊണ്ട് കഴുത്തിന് പിന്നിൽ ഒടിച്ചെന്നുമാണ് പരാതി. പരാതി നൽകി ഒരു പകൽ മുഴുവൻ ഒത്ത് തീർപ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നrതാടെയാണ് കേസെടുത്തത്.

മർദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവാസ്കർ ഉപദ്രവിച്ചെന്ന് കാണിച്ച് എഡിജിപിയുടെ മകൾ പരാതി നൽകുകയും മെഡിക്കൽ രേഖകൾ തയാറാക്കുകയും ചെയ്തിരുന്നു. വനിത എസ്ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്ക്കർക്കെതിരെ കേസെടുത്തത്.

ഇതിനിടെ വീട്ടിലും ഓഫിസിലുമുള്ള പൊലീസുകാരെ സുധേഷ് കുമാറും കുടുംബവും മോശമായി പെരുമാറുന്നത് പതിവാണെന്ന് ആക്ഷേപം ശക്തമായി. വീട്ടുജോലിക്ക് തയാറാകാതിരുന്ന ഇരുപതോളം ജോലിക്കാർക്കെതിരെ വിവിധ കുറ്റങ്ങൾ ആരോപിച്ച് നടപടിയെടുത്തെന്ന് ആരോപണമുണ്ട്. ഭാര്യയേയും മകളെയും ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് ഓഫിസിലെ ഗാർഡുമാരെ സ്ഥലം മാറ്റിയെന്നും പരാതിപ്പെടുന്നു.