തമിഴ്‌നാട്ടില്‍ എടപ്പാടി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം; എം.എല്‍.എമാരെ അയോഗ്യരാക്കിയ കേസില്‍ ജഡ്ജിമാരുടെ ഭിന്നതയില്‍ ‘വിധി’ മുടങ്ങി

single-img
14 June 2018

ചെന്നൈ: തമിഴ്‌നാട്ടിലെ 18എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ വ്യത്യസ്ത വിധി. എം.എല്‍.എമാരുടെ അയോഗ്യത ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരി വെച്ചപ്പോള്‍ അയോഗ്യത റദ്ദാക്കാനായിരുന്നു ജസറ്റിസ് സുന്ദറിന്റെ ഉത്തരവ്.

അതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്ന് അംഗ ബെഞ്ചിലേക്ക് മാറ്റി. തീരുമാനമാകുംവരെ വിശ്വാസ വോട്ടെടുപ്പും ഉപതെരഞ്ഞെടുപ്പും പാടില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാമതൊരു ജഡ്ജി കേസിന്റെ വാദം വീണ്ടും കേട്ടതിനു ശേഷം ഭൂരിപക്ഷ അഭിപ്രായം മുന്‍നിര്‍ത്തിയാവും വിഷയത്തിലെ ഹൈക്കോടതി തീര്‍പ്പ്.

എടപ്പാടി സര്‍ക്കാരിനു താല്‍ക്കാലിക ആശ്വാസമാകുന്നതാണു കോടതിയുടെ തീരുമാനം. അതേസമയം ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഇനിയും നീളുമെന്ന് ഉറപ്പായി. ഇക്കഴിഞ്ഞ ജനുവരിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായതാണ്. പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്.

ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ് സ്പീക്കര്‍ക്കു കത്തു നല്‍കി. എംഎല്‍എമാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇവരില്‍ ഒരു എംഎല്‍എ പിന്നീട് നിലപാട് മാറ്റി. ചീഫ് വിപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ 18 പേരെ സ്പീക്കര്‍ അയോഗ്യരാക്കി.

ഇതിനെതിരെയാണു എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തമിഴ്‌നാട് നിയമസഭയില്‍ നിലവില്‍ 234 എംഎല്‍എമാരാണ് ആകെയുള്ളത്. ഇതില്‍ 18 പേരെ അയോഗ്യരാക്കിയാല്‍ അംഗസംഖ്യ 216 ആകും. കേവലഭൂരിപക്ഷത്തിന് 109 പേരാണു വേണ്ടത്.

അണ്ണാഡിഎംകെയ്ക്ക് 111 എംഎല്‍എമാരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ഉള്‍പ്പെടെ 98 പേരുണ്ട്. ദിനകരന്‍ പക്ഷത്ത് അദ്ദേഹമുള്‍പ്പെടെ നാലു പേരാണുള്ളത്. മൂന്നു സ്വതന്ത്രരുമുണ്ട്. ഇവര്‍ അണ്ണാ ഡിഎംകെ ടിക്കറ്റില്‍ മത്സരിച്ചവരാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുരക്ഷിതമാണ്.

എന്നാല്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ വിധി ഹൈക്കോടതി റദ്ദാക്കിയാല്‍ സഭയിലെ ആകെ എംഎല്‍എമാരുടെ എണ്ണം 234 ആവുകയും കേവല ഭൂരിപക്ഷം 118 ആവുകയും ചെയ്യും. അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പുള്ളത് 111 പേരുടെ പിന്തുണയാണ്. എന്നാല്‍ ദിനകരന്‍ പക്ഷത്തെ 22 പേരും മൂന്നു സ്വതന്ത്രരും പ്രതിപക്ഷത്തെ 98 പേരും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ 123 പേരാകും. അതോടെ എടപ്പാടി മന്ത്രിസഭ പ്രതിസന്ധിയിലാകും.

ദിനകരനുമായി യോജിച്ചു പോകേണ്ട എന്നാണു തീരുമാനമെങ്കില്‍ സര്‍ക്കാര്‍ വീഴും. ഈ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദിനകര പക്ഷത്തെ എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ശ്രമം തുടരുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.