വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍; രണ്ടു മരണം; താമരശേരി ചുരത്തില്‍ വന്‍ഗതാഗതക്കുരുക്ക്

single-img
14 June 2018

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്ട് നാലിടത്തും മലപ്പുറത്ത് ഒരുസ്ഥലത്തും ഉരുള്‍പൊട്ടി. ഒരു കുട്ടിയടക്കം രണ്ടു മരണം. താമരശേരി കരിഞ്ചോലയില്‍ അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയാണ് മരിച്ചത്. ബോട്ടുമുങ്ങി കാണാതായ മല്‍സ്യത്തൊഴിലാളി താനൂര്‍ സ്വദേശി ഹംസയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലായിരുന്നു ഉരുള്‍പൊട്ടല്‍. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. മഴ ശക്തമായതോടെ താമരശേരി ചുരത്തിലും വന്‍ഗതാഗതക്കുരുക്കാണുള്ളത്.

കൂടരഞ്ഞിയിലും ആനയ്ക്കാംപൊയിലിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മഴക്കെടുതി നേരിടാന്‍ കോഴിക്കോട് കലക്ടര്‍ ദേശീയ ദുരന്തനിവാരണ സേനയെ വിളിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു.

കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മക്കൂട്ടം കര്‍ണ്ണാടക പാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കൊട്ടിയൂര്‍ വഴിയാണ് വാഹനങ്ങള്‍ കര്‍ണ്ണാടകത്തിലേക്ക് പോയിരുന്നത്.

കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.