കേരളത്തില്‍ ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്കു സാധ്യത: ആറ് ജില്ലകളില്‍ റെഡ്അലേര്‍ട്ട്; ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: രാത്രി മലയോരമേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശം

single-img
14 June 2018

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ ജൂണ്‍ 18 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യത. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിര്‍ദേശം നല്‍കി.

ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ഡിടിപിസി മുഖാന്തരം നടപടി സ്വീകരിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതേസമയം, ശക്തമായ മഴയില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.

ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം മൂന്നു പേര്‍ മരിച്ചു. ദില്‍ന ഷെറിന്‍ (ഏഴ്), സഹോദരന്‍ മുഹമ്മദ് ഷഹബാസ് (മൂന്നര), അയല്‍വാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകന്‍ എന്നിവരാണു മരിച്ചത്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വയലമ്പം താണിയത്ത് സുരേഷ് (55) മരിച്ചു. പറമ്പില്‍ നില്‍ക്കുമ്പോള്‍ സമീപത്തെ വീട്ടിലെ മരക്കൊമ്പ് തലയില്‍ വീഴുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ അഞ്ചു വീടുകള്‍ ഈ പ്രദേശത്ത് ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായി സംശയമുണ്ട്.