തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍ പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ തല്ലി: എതിര്‍ത്തപ്പോള്‍ ചീത്തവിളി

single-img
14 June 2018

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണു മര്‍ദനത്തിനു കാരണമെന്നു കാട്ടി ഡ്രൈവര്‍ ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആക്ഷേപത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയാറായില്ല.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. സുദേഷ് കുമാറിന്റെ മകള്‍ സിത്‌നയെ പ്രഭാത സവാരിക്ക് കൊണ്ട് വന്നതായിരുന്നു ഗവാസ്‌കര്‍. സിത്‌നയെ സംബന്ധിച്ച് നേരത്തെ ഗവാസ്‌കര്‍ എഡിജിപിയെ പരാതി അറിയിച്ചിരുന്നു.

സ്ഥിരമായി അസഭ്യം പറയുന്നെന്നായിരുന്നു പരാതി. ഇത് ചോദ്യം ചെയ്താണ് സിത്‌ന ഇന്ന് രാവിലെ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. മുഖത്ത് അടിക്കുകയും കാലുകൊണ്ട് തൊഴിക്കുകയും ചെയ്തു. പൊലീസ് വാഹനത്തിന്റെ താക്കോല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും താന്‍ നല്‍കിയില്ലെന്നും ഇതോടെ പരസ്യമായി അസഭ്യം പറഞ്ഞെന്നും ഗവാസ്‌കര്‍ പറയുന്നു.

പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗവാസ്‌കര്‍ ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍, പരാതിയെപ്പറ്റി വിശദീകരണം തേടിയെങ്കിലും എഡിജിപി പ്രതികരിക്കാന്‍ തയാറായില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന പീഡനത്തിന് ഉദാഹരണമാണിതെന്ന് പൊലീസ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.