കാല്‍പ്പന്തുകളിയുടെ ആവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും

single-img
14 June 2018

ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഫുട്‌ബോള്‍ ആവേശത്തില്‍. തന്റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോളെന്ന് പിണറായി കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.

ഫുട്‌ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും….. ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം