നീരവ് മോദി ബ്രസല്‍സിലേക്ക് കടന്നു; അറസ്റ്റ് വാറണ്ടും നോക്കുകുത്തി

single-img
14 June 2018

പി.എന്‍.ബി ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ വജ്രവ്യാപാരി നീരവ് മോദി ബ്രസല്‍സിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. നീരവ് ലണ്ടനിലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നീരവ് ബ്രസല്‍സിലേക്ക് കടന്നത്.

വിദേശ രാജ്യത്ത് രാഷ്ട്രീയ അഭയം തേടിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. നീരവ് മോദിക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും മുംബയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിക്കുന്ന കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം വെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇയാള്‍ ബ്രസല്‍സിലേക്ക് പറന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് ശേഷം ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നില്ലെന്ന് ഇന്റര്‍പോള്‍ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

അങ്ങനെയാണെങ്കില്‍ നീരവ് മോദി തന്റെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നാണ് കരുതേണ്ടത്. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥ നടത്താനല്ലാതെ ഇന്ത്യയ്ക്ക് ഒന്നിനും കഴിയില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്.