‘സംഗതി കൈവിട്ടെന്ന് എനിക്ക് തോന്നി; അതോടെ പേടി കൂടി; ആദ്യമായി വിമാനം പറത്തിയ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

single-img
14 June 2018

വാഹനത്തോടുള്ള കമ്പം വിമാനം പറപ്പിക്കുന്നതില്‍ വരെ മമ്മൂട്ടിയെ എത്തിച്ചിട്ടുണ്ട്. ആദ്യമായി വിമാനം പറത്തിയതിന്റെ അനുഭവം മമ്മൂക്ക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പങ്കുവെച്ചത്. ജീവിതത്തില്‍ ചെയ്യാനാകില്ല എന്ന് തോന്നിയ ജോലിയേതെന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടി വിമാനം പറത്തിയ കഥ പറഞ്ഞത്.

വിമാനം പറത്തിയപ്പോള്‍ താന്‍ പേടിച്ചുവെന്നും പിന്നീട് സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഇങ്ങനെയാക്കിയാലോ എന്ന് ജോഷി ചോദിച്ചിരുന്നുവെങ്കിലും ഒന്ന് കൂടി വിമാനം പറത്താനുള്ള ധൈര്യം തനിക്കില്ലെയിരുന്നുവെന്നുമാണ് മമ്മൂട്ടി പറയുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍:

”ഒരുവിധപ്പെട്ട ജോലിയൊക്കെ ചെയ്തു നോക്കിയിട്ടുണ്ട്. അത്യാവശ്യം പാചകം അറിയാം. വള്ളം തുഴയാനറിയാം. വണ്ടിയോടിക്കാനറിയാം…. വിമാനം പറത്താനറിയില്ലെങ്കിലും പറത്തി നോക്കിയിട്ടുണ്ട് പക്ഷേ പേടിച്ചു പോയി. റാസല്‍ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നു.

കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റര്‍ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്‌നറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം. അയാള്‍ പുറകിലിരിക്കും ഞാന്‍ സീറ്റിലിരുന്ന് പറത്തണം. ‘ഒരു കുഴപ്പവുമില്ല ധൈര്യമായി പറത്തൂ’ എന്നു പറഞ്ഞു കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി.

ജോയ്സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി. പറഞ്ഞതുപോലെ ചെയ്തു. അതാ വിമാനം മുന്നോട്ടുനീങ്ങുന്നു, പറന്നു പൊങ്ങുന്നു. അതോടെ സംഗതി കൈവിട്ടെന്ന് എനിക്ക് തോന്നി. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന് പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകള്‍ കാണാം. അതോടെ പേടി കൂടി.

ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി. സിനിമയില്‍ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ഇങ്ങനെ ആയാലോ എന്നു ജോഷി ആലോചിച്ചതാണ് എന്നാല്‍ ഒന്നുകൂടെ വിമാനം പറത്താനുള്ള ധൈര്യം ഇല്ലായിരുന്നു. മമ്മൂട്ടിക്ക് ധൈര്യമില്ല, വിമാനം പറത്തിയപ്പോള്‍ പേടിച്ചു എന്നൊക്കെ പറഞ്ഞുള്ള ട്രോളുകളും വരുമായിരിക്കും”.