വ്യാപക ഉരുള്‍പൊട്ടല്‍; രണ്ട് കുടുംബങ്ങള്‍ ഒലിച്ചു പോയി; വയനാട് ജില്ല ഒറ്റപ്പെടുന്നു; കേരളത്തില്‍ അടുത്ത 48 മണിക്കൂര്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ അണക്കെട്ടുകള്‍ തുറക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം

single-img
14 June 2018

വടക്കന്‍ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. താമരശ്ശേരി കരിഞ്ചോലയില്‍ അബ്ദുള്‍സലീമിന്റെ മകള്‍ ദില്‍ന (9), സഹോദരന്‍ എന്നിവരും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. 11 പേരെ കാണാതായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താമരശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 11 പേരെ കാണാതായി. കരിഞ്ചോല സ്വദേശികളെയാണ് കാണാതായത്. ഇവിടത്തുകാരനായ ഹസന്റെ വീട്ടില്‍ നിന്നുള്ള ഏഴുപേരെയും അബ്ദുള്‍ റഹ്മാന്റെ കുടുംബത്തിലെ നാലു പേരെയുമാണ് കാണാതായിരിക്കുന്നത്.

ഇവര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സംശയിക്കുന്നത്. ദുരന്തനിവാരണ സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കരിഞ്ചോലയില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രാവിലെ രക്ഷിച്ചു. ഇവിടെ നിരവധി വീടുകള്‍ ഒഴുകിപ്പോയി.
കോഴിക്കോട് പുനൂര്‍ പുഴ കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കോഴിക്കോട് വയനാട് പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് ഉള്ള പ്രധാന പ്രവേശന കവാടങ്ങളായ താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. മറ്റ് വഴികളിലൂടെയുള്ള ഗതാഗതത്തിലും നിലവില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അടിവാരത്തും ഈങ്ങാപ്പുഴയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി തിരിച്ച് വിട്ടിരിക്കുകയാണ്.

അതിനിടെ 48 മണിക്കൂര്‍ കൂടി അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പും ഇതിനിടെ പുറത്തുവന്നു. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

അതേസമയം കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇതോടെ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

പാലക്കാട് മംഗലം ഡാം, കോഴിക്കോട് കക്കയം ഡാം, തിരുവനന്തപുരം നെയ്യാര്‍ ഡാം എന്നിവ തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കി.