തല്ല് കിട്ടിയവന് ജാമ്യമില്ലാ വകുപ്പ്; തല്ലിയ ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ നിസ്സാര കുറ്റം; ഇതുതാന്‍ട്രാ കേരളാ പോലീസ്

single-img
14 June 2018

പത്തനാപുരം: കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരേ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പരാതി. എംഎല്‍എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തത്.

അതേസമയം കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ പി.എയ്ക്കുമെതിരേ കൈയുപയോഗിച്ച് മര്‍ദിച്ചെന്ന നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, അനന്തകൃഷ്ണനു പുറമെ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലും കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ പി.എയുടെ പരാതിയിലാണ് കേസെടുത്തത്.

കാറിന്റെ ലിവര്‍ ഉപയോഗിച്ച് അനന്ത കൃഷ്ണന്‍ തന്നെ ആക്രമിച്ചെന്നാണ് പി.എ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍, എംഎല്‍എയുടെ സ്വാധീനം കൊണ്ടാണ് തങ്ങള്‍ക്കെതിരേ വലിയ വകുപ്പുകള്‍ ഉപയോഗിച്ച് പോലീസ് കേസെടുത്തതെന്ന് അനന്തകൃഷ്ണന്റെ അമ്മ ആരോപിച്ചു.

ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണു സംഭവം. അഗസ്ത്യക്കോട് ശബരിഗിരി സ്‌കൂളിനു സമീപം മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഗണേഷ്‌കുമാര്‍. അതേവീട്ടിലേക്കു പോകുകയായിരുന്നു അനന്തകൃഷ്ണനും ഷീനയും. വീടിനു സമീപത്തെ ഇടറോഡില്‍ എംഎല്‍എയുടെയും അനന്തകൃഷ്ണന്റെയും കാറുകള്‍ മുഖാമുഖം എത്തി.

എംഎല്‍എയുടെ കാര്‍ അല്‍പം പിന്നോട്ട് എടുത്താല്‍ ഇരു വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഇടം ലഭിച്ചേനെ. എന്നാല്‍ ഡ്രൈവര്‍ ശാന്തന്‍ കാര്‍ പിന്നോട്ടെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ അനന്തകൃഷ്ണന്‍ തന്റെ കാര്‍ പിന്നോട്ടെടുത്ത് ഒരു വീടിന്റെ മുറ്റത്തേക്കു കയറ്റിയാണ് എംഎല്‍എയ്ക്കു വഴിയൊരുക്കിയത്.

കാര്‍ അല്‍പം പിന്നോട്ട് എടുത്തിരുന്നെങ്കില്‍ ഇത്ര ബുദ്ധിമുട്ടണമായിരുന്നോ എന്നു ഷീന വാഹനത്തില്‍ ഇരുന്ന് എംഎല്‍എയുടെ ഡ്രൈവറോട് ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. വാഹനത്തില്‍നിന്ന് ഇറങ്ങിയ ഗണേഷ്‌കുമാര്‍ ഷീനയെ അസഭ്യം പറയുകയും അനന്തകൃഷ്ണനെ കാറില്‍നിന്നു പിടിച്ചിറക്കി തല്ലുകയും ചെയ്‌തെന്നാണു പരാതി. ഇതിനിടെ ഡ്രൈവറും അനന്തകൃഷ്ണനെ ഇടിച്ചു. സംഭവമറിഞ്ഞ് ആളുകള്‍ കൂടിയപ്പോഴേക്കും എംഎല്‍എയും ഡ്രൈവറും സ്ഥലംവിട്ടു.