ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല; പക്ഷേ റഷ്യ…….

single-img
14 June 2018

ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ,സൗദി അറേബ്യയെ നേരിടും. രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് കടക്കാനാഗ്രഹിക്കുന്ന റഷ്യക്ക് സൗദിക്കെതിരെ ജയം അനിവാര്യമാണ്.

ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളില്‍ ഫിഫ റാങ്കിങ്ങില്‍ ഏറ്റവും താഴെ നില്‍ക്കുന്ന രണ്ട് ടീമുകളാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. അതിനാല്‍ തുല്യ ശക്തികളുടെ പോരാട്ടമാണ് മോസ്‌ക്കോ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടക്കുക. ലോക ചാംപ്യന്‍മാരാകുമെന്നു പ്രവചിക്കപ്പെടുന്ന ടീമുകളെക്കാള്‍ ചങ്കിടിപ്പുള്ള ഒരു കൂട്ടരുണ്ട് ഇത്തവണ ലോകകപ്പിന്.

മറ്റാരുമല്ല, ആതിഥേയരായ റഷ്യ തന്നെ. ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാകും അവര്‍ ഇന്നു വൈകിട്ടു സൗദി അറേബ്യയെ നേരിടുക.

സോവിയറ്റ് യൂണിയന് വിഭജിക്കപ്പെട്ടതിന് ശേഷം ഇതുവരെ റഷ്യക്കും ഗ്രൂപ്പ് കടമ്പ കടക്കാനായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിന് ശേഷം റഷ്യന്‍ ടീം ഒരു കളി പോലും ജയിച്ചിട്ടുമില്ല. ഈ മോശം ഫോമും, നിരവധി പ്രമുഖ താരങ്ങളുടെ പരിക്കും കോച്ച് സ്റ്റനിസ്ലാവ് ചെര്‍ച്ചേസോവിന് ഇന്നത്തെ മത്സരം നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ലോകകപ്പില്‍ റഷ്യന്‍ ഫുട്‌ബോളിനു മൂല്യം ബാക്കിയുണ്ടെന്നു കാട്ടാനുള്ള ആവേശം അവരുടെ കളിയില്‍ പ്രകടമായേക്കും.

എന്നാല്‍, അട്ടിമറി വിജയത്തില്‍ നോട്ടമിട്ടെത്തിയ സൗദിയും മികച്ച പ്രകടനം തന്നെയാണു ലക്ഷ്യം വയ്ക്കുന്നത്. അവസാനം കളിച്ച മത്സരങ്ങളുടെ ഫലമെടുത്താല്‍ താരതമ്യേന ഭേദമാണ് സൗദി. പക്ഷെ ലോകകപ്പില്‍ സൗദിയുടെ പ്രകടനം ഒരു കാലത്തും മെച്ചപ്പെട്ടതായിരുന്നില്ല. അവസാനം കളിച്ച പത്ത് ലോകകപ്പ് മത്സരങ്ങളിലും ജയം നേടാന്‍ സൗദിക്ക് ആയിരുന്നില്ല. സൗദി കരുത്തരായ ഇറ്റലി, പെറു, ജര്‍മനി എന്നിവര്‍ക്കെതിരെ തോല്‍ക്കുകയും ചെയ്തു.