‘സ്ത്രീകള്‍ സംസ്‌കാരമുള്ള കുട്ടികളെ പ്രസവിക്കണം; ഇല്ലെങ്കില്‍ പ്രസവിക്കണ്ട..’: വിചിത്ര നിര്‍ദ്ദേശവുമായി ബിജെപി എംഎല്‍എ

single-img
14 June 2018

മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ പന്നാലാല്‍ ശാഖ്യയാണ് സ്ത്രീകള്‍ക്ക് വിചിത്രമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹ നവീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പന്നാലാലിന്റെ വിവാദ പ്രസ്താവന.

സ്ത്രീകള്‍ സംസ്‌കാരമുള്ള കുട്ടികളെ പ്രസവിക്കണം. അതിനു സാധിച്ചില്ലെങ്കില്‍ പ്രസവിക്കണ്ട..! സമൂഹത്തെ മലിനമാക്കുന്നതിനു പകരം അതാണ് നല്ലതെന്നാണ് ബിജെപി എംഎല്‍എയുടെ കണ്ടുപിടുത്തം. ഇതാദ്യമായല്ല ശാഖ്യ സ്ത്രീകളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തുന്നത്.

പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കരുതെന്നും, അങ്ങനെയാണങ്കില്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാകുമെന്നും ആയിരുന്നു പന്നാലാലിന്റെ മുന്‍ നിരീക്ഷണം. ‘ഗേള്‍ഫ്രണ്ടിനെ’ കണ്ടെത്തുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും പിന്തിരിയണമെന്ന് ആണ്‍കുട്ടികളെ ഉപദേശിക്കുകയും ചെയ്തിരുന്നു.