ലോകം ഇനി റഷ്യയിലേക്ക്: ലോകകപ്പ് ഫുട്‌ബോളിന് നാളെ പന്തുരുളും

single-img
13 June 2018

ലോകഫുട്‌ബോളിന്റെ ഏറ്റവും മഹത്തായ വേദി ഉണരാന്‍ ഇനി ഒരു ദിവസത്തിന്റെ മാത്രം അകലം. ലോകകപ്പ് ഫുട്‌ബോളിന് നാളെ പന്തുരുളും. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.

2017ല്‍ മികച്ച ഫുട്‌ബോള്‍ വേദിയായി തിരഞ്ഞെടുക്കപ്പെട്ട മൈതാനമാണു ലുഷ്‌നിക്കി. ഉദ്ഘാടന മല്‍സരത്തില്‍ പങ്കെടുക്കുന്ന റഷ്യയുടെയും സൗദിയുടെയും പതാകകള്‍ മൈതാനത്തിനകത്തു സജ്ജമാക്കിക്കഴിഞ്ഞു. മല്‍സരത്തില്‍ ആതിഥേയര്‍ ജയിച്ചാല്‍ അണപൊട്ടിയൊഴുകുന്ന ആവേശനദിയിലേക്ക് എടുത്തു ചാടും, ഓരോ റഷ്യക്കാരനും.

റഷ്യക്ക് ഈ ലോകകപ്പ് വെറുമൊരു ടൂര്‍ണമെന്റല്ല. തങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാശ്ചാത്യരാജ്യങ്ങളെ തങ്ങളുടെ പകിട്ടും പത്രാസും കാണിച്ചുകൊടുക്കാനുള്ള അവസരം കൂടിയാണ്. ഇതില്‍ രാഷ്ട്രീയവുമുണ്ട്. ലോകകപ്പ് ഒരു വലിയ സംഭവമാക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തന്നെ കയ്‌മെയ് മറന്ന് ഇറങ്ങി.

https://youtu.be/E7TPM4i3ww8

ചെറിയ നഗരങ്ങള്‍ക്കുപോലും വേദിയനുവദിച്ചു. അവിടെ നിര്‍മിച്ചത് അതിമനോഹരമായ സ്റ്റേഡിയങ്ങള്‍. ഇതിലൂടെ ആ നഗരങ്ങളുടെ വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിലും റഷ്യയുടെ സാങ്കേതികവളര്‍ച്ചയുടെയും സാമ്പത്തികസ്ഥിതിയുടെയും വളര്‍ച്ച എടുത്തുകാണിക്കുന്നു.

അതേസമയം 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പാകുമിത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 48 ടീമുകളാകും ഇറങ്ങുക. ഇങ്ങനെ വരുമ്പോള്‍ ഓരോ ഭൂഖണ്ഡത്തിനും തങ്ങളുടെ പ്രാതിനിധ്യം ഉയര്‍ത്താനാകും.

ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഫിഫയില്‍നിന്നു നടക്കുന്നത്. സെപ് ബ്ലാറ്റര്‍ക്കു പിന്‍ഗാമിയായെത്തിയ ജിയാനി ഇന്‍ഫാന്റിനോ ഓരോ രാജ്യത്തിനു ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ധാരാളം പണം നല്‍കുന്നു. ഫിഫയില്‍ അഴിമതിയില്ലാത്ത ഭരണമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

എന്തായാലും പ്രതീക്ഷയുടെയും സങ്കടത്തിന്റെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെയും 64 മത്സരങ്ങള്‍ക്കൊടുവില്‍ ജൂലൈ 15ന് ലുഷ്‌നികി സ്റ്റേഡിയത്തിലെ ആര്‍ത്തലക്കുന്ന ഗാലറികള്‍ക്കിടയിലെ മൈതാന മധ്യത്തില്‍ അങ്കം ജയിച്ച് കിരീടവുമായി നില്‍ക്കുന്ന പടത്തലവന്‍ ആരാകും. അല്‍പം കൂടി കാത്തിരിക്കാം. റഷ്യ, ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഏറ്റവും വലിയ കാര്‍ണിവലിനായി. 32 ടീമുകളുടെ റഷ്യന്‍ കാര്‍ണിവലിനായി.