ഇവരെയൊക്കെ മനുഷ്യരെന്ന് വിളിക്കാമോ?: വഴിയില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പിന്റെ കൊടുംക്രൂരത; വേദനയില്‍ പുളഞ്ഞ നായയ്ക്ക് ദാരുണാന്ത്യം

single-img
13 June 2018

റോഡ് പണി നടക്കുന്നതിനിടെ വഴിയില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മ്മിച്ച് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പിന്റെ കൊടുംക്രൂരത. ആഗ്രയിലെ ഫത്തേഹബാദിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി റോഡ് പണി നടക്കുന്നതിനിടെ ഒരു ഭാഗത്ത് കിടക്കുകയായിരുന്നു നായ.

ഈ സമയം തൊഴിലാളികള്‍ നായയുടെ ശരീരത്തിലേക്ക് ചൂടുള്ള ടാര്‍ ഒഴിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ നായ മണിക്കൂറുകള്‍ക്കകം ചാവുകയും ചെയ്തു. സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഗോവിന്ദ പരഷര്‍ എന്നയാള്‍ നിര്‍മ്മാണ കമ്പനിക്കെതിരെ പരാതി നല്‍കി.

നായയുടെ കാലുകള്‍ റോഡിനടിയില്‍ മൂടിക്കിടക്കുന്ന അവസ്ഥയിലാണ് താന്‍ കണ്ടതെന്ന് ഗോവിന്ദ് പരാശര്‍ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ നായ അല്‍പസമയം കഴിഞ്ഞപ്പോള്‍ ചത്തു. നായയുടെ ജഡം റോഡു പൊളിച്ചെടുത്ത് സംസ്‌കരിച്ചു. ഇനിയിത്തരമൊരു ക്രൂരത ചെയ്യാതിരിക്കാനാണ് റോഡ് നിര്‍മാണ കമ്പനിക്കെതിരെ പരാതി നല്‍കുന്നതെന്ന് പരഷര്‍ പറഞ്ഞു.

ടാര്‍ ദേഹത്ത് വീഴുമ്പോള്‍ വേദനകൊണ്ട് പുളയുകയായിരുന്നു നായയെന്നും പക്ഷെ നിര്‍മ്മാണ തൊഴിലാളികള്‍ അത് വകവെക്കാതെ ടാറിടുന്നത് തുടര്‍ന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ജോലി രാത്രിയിലായതിനാല്‍ നായ കിടക്കുന്നത് കണ്ടില്ലെന്നാണ് കോണ്‍ട്രാക്ടറും തൊഴിലാളികളും വിശദീകരിക്കുന്നത്.