പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചു

single-img
13 June 2018

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും സഹമന്ത്രി രാജന്‍ ഗൊഹൈനും എം.ബി. രാജേഷ് എം.പിയെ രേഖാമൂലം അറിയിച്ചു. റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കോച്ച് ഫാക്ടറി നിര്‍മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്.

2008-09 ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ കോച്ചു ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. 2012-13 വര്‍ഷത്തെ ബജറ്റില്‍, സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു. പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ.എം.എല്‍. താല്‍പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെ ഹരിയാന സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആറു കൊല്ലം മുമ്പ് തറക്കല്ലിട്ട പാലക്കാട് പദ്ധതി ഉപേക്ഷിക്കുകയും ഹരിയാനയില്‍ മറ്റൊന്ന് തുടങ്ങുകയും ചെയ്യുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളതെന്ന് എം.ബി രാജേഷ് എം.പി ചോദിച്ചു. 145 കോടി അനുവദിച്ചുവെന്ന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നാടാകെ ഫ്‌ളക്‌സുകള്‍ വച്ച ബി.ജെ.പി.ക്കാര്‍ക്ക് ഇതില്‍ എന്ത് പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു.