കുമ്മനം നാളെ കേരളത്തിലെത്തും; ഇസഡ് പ്ലസ് സുരക്ഷയില്‍

single-img
13 June 2018

തിരുവനന്തപുരം: ഇസഡ് പ്ലസ് സുരക്ഷയോടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15ന് ശബരിമല സന്ദര്‍ശനവും നടത്തും.

മിസോറമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള സുരക്ഷ ചെറുതല്ല. ആയുധധാരികളായ നൂറ് സിആര്‍പിഎഫ് ഭടന്‍മാരാണ് ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നത്. പുറത്ത് അസം റൈഫിള്‍സിന്റെ അന്‍പത് പേരുടെ പട. രഹസ്യാന്വേഷണ വിഭാഗവും മറ്റു മഫ്ടിയിലെ സംഘവും സദാസമയവുമുണ്ട്.

എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ രാജ്ഭവന്റെ അങ്കണത്തിലുണ്ട്. സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും വിളിപ്പുറത്തു നില്‍പ്പുണ്ട്. മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോസ്ഥനാണ് സെക്രട്ടറി, എന്തിനും ഏതിനും കയ്യകലത്തിലുണ്ട്. അന്‍പതോളം ഉദ്യോഗസ്ഥരടങ്ങുന്ന ഒരു മിനി സെക്രട്ടറിയേറ്റുമുണ്ട് വളപ്പില്‍.

എട്ട് കുക്കുമാരാണ് അടുക്കളയില്‍. ഇഷ്ടമുള്ളതു പറഞ്ഞാല്‍ അപ്പോള്‍ മുന്‍പില്‍ വരും. ആഹാരം ആദ്യം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ രുചിച്ച് പരിശോധിക്കും. ഡോക്ടറും ആംബുലന്‍സും ഉള്‍പ്പെടെ മെഡിക്കല്‍ സംഘവും സദാ സമയവും കൂടെയുണ്ട്. ദിവസവും രാവിലെ ഇന്റലിജന്‍സ് മേധാവി വന്ന് സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ ധരിപ്പിക്കും.