യാത്രക്കാരെ ഞെട്ടിക്കുന്ന പിറന്നാള്‍ സമ്മാനവുമായി കൊച്ചി മെട്രോ

single-img
13 June 2018

സൗജന്യ യാത്രയും പുത്തന്‍ യാത്രാ പാസുകളുമായി ഓഫറുകളുടെ പെരുമഴക്കാലം സമ്മാനിച്ച് കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികം ജനകീയ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19ന് ജനങ്ങള്‍ക്ക് സൗജന്യ മെട്രോ സര്‍വീസ് നടത്താം.

‘ഫ്രീ റൈഡ് ഡേ’ എന്ന പേരില്‍ സൗജന്യ യാത്ര രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ലഭിക്കും. ഇതുവരെ മെട്രോയില്‍ കയറിയിട്ടില്ലാത്ത സ്വദേശീയര്‍ക്കും വിദേശീയര്‍ക്കും യാത്ര നടത്താന്‍ അവസരമൊരുക്കുകയാണെന്ന് കെ.എം.ആര്‍.എല്‍. എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെട്രോ യാത്രക്കാര്‍ ദീര്‍ഘനാളായി കാത്തിരുന്ന പ്രതിമാസ പാസ്, പ്രതിദിന പാസ് എന്നിവ നടപ്പാക്കും. പ്രതിമാസ പാസ് ജൂലായ് 15നു മുന്‍പ് നടപ്പാക്കും. ഇതിന്റെ നിരക്ക് പിന്നീട് അറിയിക്കും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രതിദിന പാസ് കൊണ്ടുവരുന്നത്.

കൂടാതെ, 15ാം തീയതി മുതല്‍ 30ാം തീയതി വരെ കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഇഷ്യു ഫീ ആയ 225 രൂപ കുറഞ്ഞു കിട്ടും. റീച്ചാര്‍ജ് നിരക്കായ 12 രൂപ നല്‍കിയാല്‍ മതി. 15ാം തീയതി മുതല്‍ 18ാം തീയതി വരെ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭാഗ്യ നറുക്കെടുപ്പില്‍ പങ്കെടുക്കാനും അവസരമുണ്ട്. നിരവധി സമ്മാനങ്ങളും വിജയികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.