റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി

single-img
13 June 2018

ചുരുങ്ങിയ കാലംകൊണ്ട് റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി. രണ്ടുവര്‍ഷത്തിനുള്ളില്‍ 25.6 ശതമാനം വിപണിവിഹിതം നേടാന്‍ ജിയോയ്ക്കായി. രണ്ട് ദശാബ്ദംമുന്ന് വിപണിയിലെത്തിയ ഐഡിയയ്ക്കും വൊഡാഫോണും യഥാക്രമം 21 ശതമാനവും 16.6 ശതമാനവുമാണ് വിപണി വിഹിതം നിലനിര്‍ത്താനായത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,128 കോടി രൂപയാണ് ജിയോയുടെ മൊത്തവരുമാനം. വിപണിയില്‍ മുന്നിലുള്ള ഭാരതി എയര്‍ടെല്ലിനേക്കാള്‍ 12 ശതമാനം കുറവാണിത്. 7087 കോടി രൂപയാണ് എയര്‍ടെല്ലിന്റെ വരുമാനം. ജിയോയുടേതിനേക്കാള്‍ 12 ശതമാനം അധികമാണിത്.

അതേസമയം കഴിഞ്ഞ ദിവസം എയര്‍ടെല്‍ പ്രഖ്യാപിച്ച ഡേറ്റാ പ്ലാനുകളെ വെല്ലുവിളിക്കുന്ന പ്ലാനുകളാണ് ജിയോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കും. എന്നാല്‍ എയര്‍ടെല്‍ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. നിലവില്‍ ലഭിക്കുന്ന പ്ലാനില്‍ തന്നെ ദിവസം 1.5 ജിബി അധിക ഡേറ്റ നല്‍കാനാണ് ജിയോ പ്ലാന്‍.

നിലവില്‍ ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ 149, 349, 399, 449 പ്ലാനുകളില്‍ ദിവസം മൂന്നു ജിബി ഡേറ്റയാണ് നല്‍കുക. ഈ ഓഫര്‍ എല്ലാ വരിക്കാര്‍ക്കും ലഭിക്കും. അതേസമയം നിലവില്‍ ദിവസം 2 ജിബി ഡേറ്റ ലഭിച്ചിരുന്ന 198, 398, 448, 498 പ്ലാനുകള്‍ക്ക് ഇനി മുതല്‍ ദിവസം 3.5 ജിബി ഡേറ്റ ലഭിക്കും.

നിലവില്‍ ദിവസം 3 ജിബി ഡേറ്റ ലഭിച്ചിരുന്ന 299 രൂപ പ്ലാനില്‍ ഇനി മുതല്‍ ദിവസം 4.5 ജിബി ഡേറ്റ ലഭിക്കും. 4 ജിബി ഡേറ്റ ലഭിച്ചിരുന്ന 509 പ്ലാനില്‍ ഇനി മുതല്‍ ദിവസം 5.5 ജിബി ഡേറ്റ ഭിക്കും. നിലവില്‍ ദിവസം 5 ജിബി ഡേറ്റ ലഭിച്ചിരുന്ന 799 രൂപ പ്ലാനില്‍ ഇനി മുതല്‍ ദിവസം 6.5 ജിബി ഡേറ്റ ലഭിക്കും.

ഇതോടൊപ്പം 300 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ മൈജിയോ ആപ്പ് വഴി, ഫോണ്‍പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോള്‍ 100 രൂപ ഇളവ് ലഭിക്കും. അതായത് 399 രൂപ പ്ലാനിന് 299 രൂപ നല്‍കിയാല്‍ മതി. പുതിയ നിരക്കുകള്‍ ജൂണ്‍ 12 മുതല്‍ 30 വരെയാണ്. ഈ പ്ലാനുകള്‍ ഈ കാലയളവില്‍ റീചാര്‍ജ് ചെയ്താല്‍ നിലവിലെ പ്ലാന്‍ കഴിഞ്ഞാലും ആക്ടീവാകും.