ഫിറ്റ്‌നസ് ചലഞ്ചിലും ‘രാഷ്ട്രീയം കലര്‍ത്തി’ മോദി; കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കല്ലിലുരുണ്ട് വ്യായാമം ചെയ്ത മോദി വെല്ലുവിളിച്ചത് കുമാരസ്വാമിയെ: വീഡിയോ

single-img
13 June 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഒരു മാസം തികയുന്നതിന് മുമ്പ് ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്ററിലൂടെയാണ് മോദി ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ടത്.

‘എന്റെ പ്രഭാത വ്യായാമത്തിലെ ചില നിമിഷങ്ങള്‍. യോഗയ്ക്കു പുറമെ പ്രകൃതിയുടെ പഞ്ചഭൂതങ്ങളായ ഭൂമി, വായു, ജലം, അഗ്‌നി, ആകാശം എന്നിവയില്‍ നിന്നു ച്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ സവാരിയും ചെയ്യാറുണ്ട്. ഇതു തീര്‍ത്തും ഉണര്‍വ്വും ഓജസ്സും നല്‍കുന്നതാണ്’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഇതിനോടൊപ്പം ഫിറ്റ്‌നസ് ചലഞ്ചിന് രണ്ടുപേരെ ക്ഷണിക്കാനും മോദി മറന്നില്ല. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബാദ്രയെയുമാണ് മോദി ക്ഷണിച്ചത്. കോണ്‍ഗ്രസ്സ് പിന്തുണയോടെ ബിജെപിയെ തുരത്തി അധികാരത്തിലേറിയ കുമാരിസ്വാമി സര്‍ക്കാരിന്റെ ഫിറ്റ്‌നസ് ആണ് മോദി വ്യംഗ്യാര്‍ഥത്തില്‍ ചോദിച്ചതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള പ്രചാരം.

എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല കുമാരസ്വാമി. പകരം തന്റെ ആരോഗ്യത്തില്‍ ഇത്രയേറെ ശ്രദ്ധാലുവായ മോദിയോട് താന്‍ നന്ദി അറിയിക്കുന്നുവെന്നും താന്‍ ആദരിക്കപ്പെട്ടെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ മറുപടി നല്‍കി.

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. ‘നമ്മള്‍ ഫിറ്റായിരുന്നാല്‍ രാജ്യവും ഫിറ്റായിരിക്കും. നിങ്ങളുടെ ഫിറ്റ്‌നസ് രഹസ്യം എന്താണ്, അതിന്റെ ചെറിയൊരു വീഡിയോ ചിത്രീകരിക്കുക എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുക’ എന്ന് അറിയിച്ച് 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്.