സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമം: മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു

single-img
13 June 2018

ഗാസിയാബാദിലെ ഡോക്ടറുടെ മകനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച കേസില്‍ മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളിയായ മനോജ് പിള്ള എന്നിവരാണ് പിടിയിലായത്. ഇവരോടെപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. നാലു പേരും ചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം ദീപാംശുവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ വിജയിച്ചതാണ്.

ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനുമാണ്. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു. വഴക്കിനിടെ വിശാലും പൗരുഷും ചേര്‍ന്ന് ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊല്ലുകയുമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

പിന്നീട് ദീപാംശുവിന്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാന്‍ തീരുമാനിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിനായി ലാഖോ എന്നയാളുടെ കാര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സ്യൂട്ട്‌കേസ് ഇ റിക്ഷയില്‍ കൊണ്ടുപോയി.

സ്യൂട്ട് കേസില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.