നടി ആക്രമിക്കപ്പെട്ട കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍

single-img
13 June 2018

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നടിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഘാംഗം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ പ്രതിയാക്കിയത്. തനിക്കെതിരെ തെളിവുകളില്ലാതിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസില്‍ പ്രതിയാക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചു. നവംബര്‍ 22ന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാന്‍ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നും വ്യക്തിപരമായ പക മാത്രമാണ് ഇതിനു പിന്നിലെന്നും കുറ്റപത്രത്തില്‍ പറയുന്നു.