ദീപിക പദുക്കോണ്‍ താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം

single-img
13 June 2018

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫ്‌ലാറ്റുള്ള കെട്ടിട സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. വര്‍ളിയിലുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. 90 കുടുംബംങ്ങളാണ് ഇവിടെ താമസിക്കുന്നത്. കെട്ടിടത്തിലെ മുപ്പത്തിമൂന്നാം നിലയില്‍ നിന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് തീ പടര്‍ന്നത്.

അഗ്‌നിശമന സേനയും കെട്ടിടത്തിലെ ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഏറെ പരിശ്രമിച്ചാണു തീയണച്ചതെന്നു പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നും സൂചനയുണ്ട്. രണ്ടു നിലകള്‍ക്കു സാരമായി കേടുപാടുകളുണ്ടായെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണു കെട്ടിടം. ഇതില്‍ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് ദീപിക പദുക്കോണ്‍ സ്ഥലത്തുണ്ടായിരുന്നില്ല. 26–ാം നിലയിലാണു ദീപികയുടെ ഫ്‌ലാറ്റ്. അഗ്‌നിശമന സേനയുടെ പത്തു യൂണിറ്റുകളെത്തിയാണു തീയണച്ചത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിനു പിന്നിലുള്ള കാരണവും അന്വേഷിച്ചു വരികയാണ്.