ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് സര്‍ക്കാര്‍

single-img
13 June 2018

ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ, പാലക്കാട് പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടിക്കു വേണ്ടി പുതുശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്ടര്‍ റവന്യൂ ഭൂമി വിട്ടുനല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എറണാകുളം മരട് കാട്ടിത്തല സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നല്‍കും. തുക ലതയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.

ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് റവന്യൂ വകുപ്പിന്റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കാനും തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി കൈമാറുന്നത്.