രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിന് അദ്യശ്യമതിലൊരുക്കുന്നതിന് ബിഎസ്എഫിന്റെ വമ്പന്‍ പദ്ധതി. ഇസ്രയേല്‍ സാങ്കേതിക വിദ്യയില്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ കാവലൊരുക്കുക.

single-img
12 June 2018

ത്രിപുരയില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് അദ്യശ്യമതിലൊരുക്കാ ബിഎസ്എഫ് വന്‍ പദ്ധതി തയ്യാറാക്കുന്നു കമ്പി വേലികള്‍ സ്ഥാപിക്കാനാവാത്ത നദികള്‍,ചതുപ്പ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അദൃശ്യ മതിലുകള്‍ സ്ഥാപിക്കുന്നതിനാണ് ബിഎസ്എഫ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പിന്നീട് കമ്പി വേലികള്‍ ഉള്ളിടത്തേക്ക് കൂടി വ്യാപിപ്പിക്കും. നുഴഞ്ഞ് കയറ്റം തടയുന്നതിനായി അസമിലെ ധൂബ്രിയിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്തും ഇത്തരം സുരക്ഷയൊരുക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആലോചിക്കുന്നുണ്ട്. .

ജമ്മുവിലും പഞ്ചാബിലും ലേസര്‍ അതിരുകള്‍ നുഴഞ്ഞ് കയറ്റം തടയുന്നതില്‍ വിജയിച്ചെന്ന വിലയിരുത്തലിലാണ് പദ്ധതി വ്യാപിപ്പിക്കാന്‍ ബിഎസ്എഫ് തയ്യാറെടുക്കുന്നത്. 2016 ല്‍ പത്താന്‍ കോട്ടിലെ വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ കമ്പിവേലികളില്ലാത്ത ചതുപ്പ് പ്രദേശത്ത് കൂടെയാണ് നുഴഞ്ഞ് കയറിയത്. തുടര്‍ന്നാണ് അതിര്‍ത്തി പ്രദേശത്ത് ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സംരക്ഷണം തീര്‍ക്കാന്‍ ബിഎസ്എഫ് തയ്യാറായത്. ലേസര്‍ രശ്മികള്‍ ഉപയോഗിച്ചുള്ള സുരക്ഷയ്ക്കായി ഇസ്രയേല്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ഉപയോഗിക്കുക. ലേസര്‍ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം തകര്‍ക്കപെട്ടാലുടന്‍ സെന്‍സറുകള്‍ ഇത് തിരിച്ചറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ അപായ സന്ദേശം നല്‍കും. ലേസര്‍ തടസെപെട്ടതിന്റെ ചിത്രങ്ങള്‍ ഉടന്‍ കണ്‍ട്രോള്‍ റൂമിലെത്തിക്കുകയും ചെയ്യും .

രാത്രിയിലും കനത്ത മൂടല്‍ മഞ്ഞിലും പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയോട് കൂടിയ ക്യാമറകള്‍ ഇതിനായി സ്ഥാപിക്കുകയും ചെയ്യും.ത്രിപുരയിലെ 856 കിലോമീറ്റര്‍ നീണ്ട് കിടക്കുന്ന ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 840 കിലോമീറ്ററില്‍ കമ്പിവേലി സ്ഥാപിക്കുന്നതിനായുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ലേസര്‍ കാവലിനുള്ള പദ്ധതി ബിഎസ്എഫ് തയ്യാറാക്കിയത്.