കെപിസിസി നേതൃയോഗം ഇന്ന് :നേതൃയോഗത്തിലും രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം) ന് നല്‍കിയതിനെതിരെ വിമര്‍ശനമുയരും.

single-img
12 June 2018


രാജ്യസഭാ സീറ്റ് വിവാദത്തില്‍ രാഷ്ട്രീയ കാര്യസമിതിയില്‍ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായി ചേരുന്ന നേതൃയോഗത്തിലും വിമര്‍ശനമുണ്ടാകും. രാഷ്ട്രീയ കാര്യസമിതിയില്‍ പ്രധാനമായും രാജ്യസഭാ സീറ്റ് വിവാദത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കെപിസിസി അധ്യക്ഷന്‍ എംഎം ഹസനേയും നേതാക്കള്‍ വിമര്‍ശിക്കുകയാണുണ്ടായത്. ഉമ്മന്‍ ചാണ്ടിക്കെതിരായ വിമര്‍ശനത്തിനെതിരെ എ ഗ്രൂപ്പ് രംഗത്ത് വന്നെങ്കിലും സീറ്റ് വിവാദത്തില്‍ നേതൃത്വത്തിനെതിരെ അവരുടെ ഭാഗത്ത് നിന്നും വിമര്‍ശനമുണ്ടായി.

അതേസമയം കെപിസിസി നേതൃയോഗത്തിലും നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയ കാര്യസമിതിയടക്കമുള്ള പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ ചര്‍ച്ചചെയ്യാതെ കൈക്കുള്ളുന്നതിനെതിരെ വിമര്‍ശനമുയരും ഈ സാഹചര്യത്തില്‍ ഹസ്സനും ചെന്നിത്തലയും വീഴ്ച്ച തുറന്ന് സമ്മതിച്ച് കൊണ്ടാകും പ്രതിരോധം തീര്‍ക്കുക.

നേതൃമാറ്റമെന്ന ആവശ്യം പാര്‍ട്ടിയില്‍ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. രാജ്യസഭാ സീറ്റിനെ ചൊല്ലി ഉടലെടുത്ത വിവാദം ഗ്രൂപ്പ് പോരിനേക്കാള്‍ ഗുരുതരമായ അവസ്ഥയില്‍ പാര്‍ട്ടിയെ എത്തിച്ചെന്ന കാര്യം നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസും കെ എസ് യു വും ഉയര്‍ത്തുന്ന പരസ്യ പ്രതിഷേധവും പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങളും നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റര്‍ പതിക്കുന്നതുമൊക്കെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും.

എന്നാല്‍ രാഷ്ട്രീയ കാര്യസമിതിയുടെ തുടര്‍ച്ചയായി വീഴ്ച്ച തുറന്ന് സമ്മതിക്കുന്ന നിലപാട് തന്നെയാകും ഹസ്സനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ നേതൃയോഗത്തിലും സ്വീകരിക്കുക.