തലയും ഉടലും വേര്‍പ്പെട്ട പാമ്പിന്റെ കടിയേറ്റയാള്‍ ഗുരുതരാവസ്ഥയില്‍

single-img
12 June 2018


അമേരിക്കയിലെ ടെക്‌സാസില്‍ തലയും ഉടലും വേര്‍പെട്ട പാമ്പ് കൊത്തി ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ജെര്‍മി എന്നയാള്‍ക്കാണ് പാമ്പിന്റെ കടിയേറ്റത്. അതീവ അപകടകാരിയായ വെസ്റ്റേണ്‍ ഡയമണ്ട്ബ്ലാക്ക് റാറ്റില്‍ സ്‌നേക്കായിരുന്നു ജെര്‍മിയെ കടിച്ചത്.

മുറ്റത്ത് പൂന്തോട്ടത്തില്‍ നില്‍ക്കുയായിരുന്ന ഗൃഹനാഥയായ ജെന്നിഫറാണ് ആദ്യം പാമ്പിനെ കണ്ടത്. പേടിച്ചുപോയ ജെന്നിഫറിന്റെ കരച്ചില്‍ കേട്ട ഭര്‍ത്താവ് ജെര്‍മി അവിടേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് പാമ്പിനെ കണ്ട് കഷണങ്ങളാക്കി. നാലടിയോളം നീളമുള്ള റാറ്റില്‍ സ്‌നേക്കായിരുന്നു അത്. ചത്തെന്ന് കരുതി പാമ്പിനെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വേര്‍പെട്ടു കിടന്ന തലഭാഗം ജെര്‍മിയുടെ കയ്യിലേക്ക് ആഞ്ഞു കടിക്കുകയായിരുന്നു. ശരീരത്തില്‍ നിന്നും വേര്‍പെട്ടു കിടന്നിരുന്ന തലഭാഗം തിരിഞ്ഞു വന്ന് ജെര്‍മിയെ കടിക്കുകയായിരുന്നുവെന്ന് ജെന്നിഫര്‍ പറഞ്ഞു.

കടിയേറ്റ ഉടന്‍തന്നെ ജെര്‍മിയെ കാറില്‍ കയറ്റി ജെന്നിഫര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. വീട്ടില്‍ നിന്നും പുറപ്പെട്ട് രണ്ട് മൈല്‍ പിന്നിട്ടപ്പോഴേക്കും ജെര്‍മി അബോധാവസ്ഥയിലെത്തിയിരുന്നു. കാഴ്ചശക്തിയും അപ്പോഴേക്കും മങ്ങിത്തുടങ്ങിയിരുന്നു. വിവരങ്ങള്‍ അറിഞ്ഞ മെഡിക്കല്‍ സംഘം പെട്ടെന്നുതന്നെ ജെര്‍മിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും ജെര്‍മിയുടെ ആന്തരിക രക്തസ്രാവവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. പെട്ടെന്നു തന്നെ കോമയിലായ ജെര്‍മിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

ജെര്‍മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇതുവരെ അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.ആശുപത്രിയിലെത്തി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കോമ അവസ്ഥയില്‍ നിന്ന് ഉണര്‍ന്നത്. പാമ്പിന്റെ ശരീരത്തിലുണ്ടായിരുന്ന മുഴുവന്‍ വിഷവും ആ കടിയില്‍ ജെര്‍മിയുടെ ശരീരത്തിലെത്തിയിരുന്നു. 26 ഡോസ് പ്രതിവിഷമാണ് ജെര്‍മിയുടെ ശരീരത്തില്‍ കുത്തിവച്ചത്. സാധാരണ പാമ്പുകടിച്ചാല്‍ രണ്ടോ മൂന്നോ ഡോസ് പ്രതിവിഷം മാത്രം നല്‍കിയാല്‍ മതി.എന്നാല്‍ ഇവിടെ വിഷത്തിന്റെ അളവ് കൂടുതലായതിനാലാണ് 26 ഡോസ് നല്‍കേണ്ടി വന്നതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി.

മരണം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാലും പാമ്പിന്റെ വേര്‍പെട്ട് കിടക്കുന്ന തല കടിക്കുമെന്നും അതൊരു റിഫ്‌ലക്‌സ് ആക്ഷനാണെന്നും നാഷണല്‍ ജ്യോഗ്രഫികിലെ സ്റ്റീഫന്‍ ലീഹൈ പറഞ്ഞു.