എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ  വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചത്; നസ്രിയയുടെ പുതിയ ചിത്രത്തെ കുറിച്ച് വാചാലനായി ഫഹദ് 

single-img
12 June 2018
വിവാഹത്തിന് ശേഷം നസ്രിയ വീണ്ടും മടങ്ങിയെത്തുന്ന ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’. നസ്രിയയെ കൂടാതെ പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടുളള നടനും നസ്രിയയുടെ ഭര്‍ത്താവുമായ ഫഹദ് ഫാസിലിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെയ്ക്കുമ്പോള്‍ ജീവിതത്തില്‍ ഇതിന് മുമ്പ് തോന്നിയിട്ടില്ലാത ആവശേമാണെന്ന് ഫഹദ് കുറിക്കുന്നു.
‘എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഒരു  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നതില്‍ ഞാന്‍ ഇത്രയധികം ആവേശം അനുഭവിച്ചിട്ടില്ല. മികച്ച സാങ്കേതികവിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ഒരു മികച്ച ചിത്രം എന്നതിലുപരി ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് എന്റെ ആവേശം. എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ  വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും’…. ഫഹദ് കുറിച്ചു.