കലഹം ശമിക്കാതെ കോണ്‍ഗ്രസ്സ്: കെപിസിസി നേതൃയോഗത്തിലും നേതാക്കളുടെ ചെരിപ്പോര് ; ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കാനനുവദിക്കില്ലെന്ന് തിരുവഞ്ചൂര്‍

single-img
12 June 2018


തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ ചേരിപ്പോര്.
രാജ്യസഭാ സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം പ്രകടമയാരുന്നു. കെപിസിസി പ്രസിഡന്റ് എംഎം ഹസനെതിരെ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്. തീരുമാനങ്ങളൊന്നും പാര്‍ട്ടി വേദിയില്‍ ചര്‍ച്ചചെയ്യാറില്ലെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. രാജ്യസഭാ സീറ്റായാലും ഉപതെരഞ്ഞെടുപ്പായാലും ഏകപക്ഷീയ തീരുമാനങ്ങള്‍ പാര്‍ട്ടിയിലുണ്ടാകുന്നെന്ന ആക്ഷേപവും ചില മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായി.

എന്നാല്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളോട് അതേനാണയത്തില്‍ തന്നെയാണ് എംഎം ഹസനും തിരിച്ചടിച്ചത്. ഉണ്ണിത്താനെ വക്താവാക്കിയത് തെറ്റായിപോയി എന്ന വിമര്‍ശനമാണ് ഹസന്‍ നടത്തിയത്. എന്നാല്‍ തന്നെ വക്താവാക്കിയത് എഐസിസി ആണെന്ന മറുപടിയാണ് ഉണ്ണിത്താന്‍ ഹസന് നല്‍കിയത്.

കഴിഞ്ഞ ദിവസം രാഷ്ട്രീയ കാര്യസമിതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളുടെ തുടര്‍ച്ച നേതൃയോഗത്തിലുമുണ്ടായി. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ചാല്‍ ശക്തമായി തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം നേതൃയോഗത്തില്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പലബൂത്തുകളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരുടെ കുറവുണ്ടായെന്ന കാര്യവും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്‍തുണ നേടുന്നതിന് പാര്‍ട്ടിക്ക് കഴിയണമെന്നും കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ മാത്രമേ ആ വിഭാഗങ്ങളുടെ വോട്ടുനേടാന്‍ കഴിയൂവെന്നും നിലവിലുള്ള നേതൃത്വത്തിന് അതിന് കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്നും പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപെട്ടുകൊണ്ട് കെ മുരളീധരന്‍ പറഞ്ഞു.