ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെ ചൊല്ലി തമ്മിലടിച്ച് വീണാ ജോര്‍ജ്ജും ബിജെപിയും: പ്രതിരോധിക്കാനാവാതെ പാര്‍ട്ടിയും അണികളും

single-img
11 June 2018

പത്തനംതിട്ട ബസ്സ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെ ചൊല്ലി വീണാ ജോര്‍ജ്ജ് എംഎല്‍എയും ബിജെപിയും നേര്‍ക്കുനേര്‍ പോര് തുടരുന്നു. പത്തനംതിട്ട നഗരസഭ ബസ്സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വീണാ ജോര്‍ജ്ജ് എംഎല്‍എ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പോസ്റ്റ് മതസ്പര്‍ധ വളര്‍ത്തുന്നതും, അവഹേളിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഇലന്തൂര്‍ സ്വദേശി സൂരജിനെ(38) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇതോടെ പ്രതികരിക്കുന്നവരുടെ വായടയ്പിക്കാനുള്ള ശ്രമമാണ് എംഎല്‍എ നടത്തുന്നതെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി.

പൊലീസില്‍നിന്ന് ആര്‍ക്കും കിട്ടാത്ത നീതിയാണ് എംഎല്‍എയ്ക്കു ലഭിച്ചതെന്നും ചിലര്‍ ആരോപിക്കുന്നു. വലിയ വിമര്‍ശനങ്ങളുണ്ടായിട്ടും വീണയെ പിന്തുണച്ചു സൈബര്‍ സഖാക്കളോ നേതാക്കന്മാരോ രംഗത്തെത്തിയില്ല എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പോസ്റ്റില്‍ സ്ത്രീവിരുദ്ധത എവിടെയെന്നാണു വീണയെ വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത്. നിരപരാധിയായ മറ്റൊരു ചെറുപ്പക്കാരനെയും വീണ ഇത്തരത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയെന്നും ചിലര്‍ ആരാപിക്കുന്നുണ്ട്. എന്നാല്‍ വികസനകാര്യം ചൂണ്ടിക്കാണിച്ചതിന്റെ പേരിലല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പോസ്റ്റിട്ടതിനാണു യുവാവിനെതിരെ കേസ് കൊടുത്തതെന്നു വിശദീകരിച്ചുകൊണ്ടു വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

എന്നാല്‍ ഇതും വലിയ വിമര്‍ശനമാണ് വരുത്തിവയ്ക്കുന്നത്. നഗരസഭയുടെ അധികാര പരിധിയിലാണ് ബസ് സ്റ്റാന്‍ഡെന്നും എംഎല്‍എയ്ക്ക് ഇതിലൊന്നും ചെയ്യാനിലെന്നുമാണു ചിലരുടെ വാദമെങ്കിലും വെള്ളം കയറി കുളമായ ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത സ്ഥിതിയിലായി എംഎല്‍എയും പാര്‍ട്ടിയും.