അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന സന്ദേശത്തിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി

single-img
11 June 2018

മുംബൈ: നടി ശ്വേതാ മേനോന് ഭീഷണി. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന സന്ദേശത്തിന് പിന്നാലെയാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിലെ സൈബര്‍ സെല്ലില്‍ ശ്വേതാ പരാതി നല്‍കി.

‘ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് എക്‌സിക്യൂട്ടീവ് മെമ്പറാണെന്ന വിവരം തന്നെ വിളിച്ചറിയിച്ചത്. ഇന്ന് 10 മണിയോടെയാണ് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നത്. നിങ്ങളുടെ ഇന്‍ഡസ്ട്രി നിങ്ങളെ ചതിക്കും എന്നായിരുന്നു സന്ദേശം. പിന്നീട് ഫോണ്‍വെക്കുകയും ചെയ്തു. കോള്‍ കട്ടായതാണെന്ന് കരുതി താന്‍ തിരിച്ചുവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല’, ശ്വേത വ്യക്തമാക്കി. നിലവില്‍ മുംബൈയിലാണ് ശ്വേതാ മേനോന്‍.

തന്റെ രണ്ട് നമ്പറിലേക്കും കോള്‍ വന്നിരുന്നുവെന്നും, എല്ലാ വിവരങ്ങളും അറിയുന്ന ആള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും ശ്വേത സംശയം പ്രകടിപ്പിച്ചു. അമേരിക്കയില്‍ നിന്ന് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വേത മുംബൈയിലെത്തിയത്. നടന്‍ മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്.