വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍; ആര്‍ടിഎഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതിയുടെ മറുചോദ്യം

single-img
11 June 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍. ആര്‍ടിഎഫുകാര്‍ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ആര്‍ടിഎഫുകാര്‍ സമാന്തരസേനയായി പ്രവര്‍ത്തിച്ചു. ശ്രീജിത്തിന്റെ അടിവയറ്റിലെ പരുക്കാണ് മരണകാരണമായത്.

പ്രതികള്‍ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റില്‍ ഇടിച്ചുവെന്നും വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായത് എന്നും സര്‍ക്കാര്‍ വിശദമാക്കി. ആശുപത്രിയില്‍ കൊണ്ടുവന്ന പൊലീസുകാരാണ് അടിപിടിയില്‍ പരുക്കേറ്റു എന്നു ഡോക്ടര്‍മാരോട് പറഞ്ഞതെന്നും സര്‍ക്കാര്‍ ആരോപിച്ചു.

വയറ്റത്ത് മുട്ടുകാലു കയറ്റി കൊല്ലുന്ന പൊലീസ് നിയമാനുസൃതം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞാല്‍ ഒന്നും പറയാനില്ല എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട പോലീസ് മുട്ട് കയറ്റി കൊല്ലുകയല്ല വേണ്ടത് എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

അതിനിടെ ആര്‍.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. വാദങ്ങള്‍ക്കിടയിലുള്ള സ്വാഭാവിക സംശയമായാണ് കോടതി ഇക്കാര്യം ചോദിച്ചത്. നിയമപ്രകാരം കൊലക്കുറ്റം ചുമത്തണമെങ്കില്‍, കൊലക്കുറ്റം ആരോപിക്കുന്നവരില്‍ നിന്നുണ്ടായ പരിക്കായിരിക്കണം മരണകാരണമാകേണ്ടത്. ഈ സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം നാല് ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതില്‍ ആദ്യത്തെ മൂന്ന് ആശുപത്രികളിലും പരിശോധന നടത്തുമ്പോള്‍ ആഴത്തിലുള്ള മുറിവ് ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചോദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

അതേസമയം മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് വരാപ്പുഴയിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് അഞ്ചുമിനിറ്റിനുള്ളില്‍ ലോക്കല്‍ പൊലീസിനു കൈമാറിയെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കേസ് വിധി പറയാന്‍ വേണ്ടി മാറ്റിവച്ചു.