Kerala

കഴിഞ്ഞ 25 മാസമായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനായി പ്രവര്‍ത്തിച്ചിരുന്നു; ശോഭാ സുരേന്ദ്രന്‍

അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായതില്‍ തന്റെയും ബിജെപിയുടെയും പങ്ക് വിശദീകരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ജയില്‍ മോചനത്തില്‍ പങ്കുവഹിച്ചെന്ന ശോഭാ സുരേന്ദ്രന്റെ അവകാശവാദത്തെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വഹിച്ച പങ്ക് അദ്ദേഹം തന്നെ സാവകാശത്തില്‍ വെളിപ്പെടുത്തുമല്ലോ എന്നു കരുതിയാണ് അതിലേക്കൊന്നും കടക്കാതെ അതിനായി യത്‌നിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുക മാത്രം ചെയ്തത്. എന്നാല്‍ അപ്പോഴും അതിലും വിവാദം ഉണ്ടാക്കാനും ഇതൊക്കെ വെറും വീമ്പു പറച്ചില്‍ ആണെന്നും ചിലര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പെട്ടത് കൊണ്ടാണ് ഈ വിശദമായ കുറിപ്പ് ഇടുന്നത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ കേസിനെ പറ്റി പത്രമാധ്യമങ്ങളില്‍ നിന്നും അറിഞ്ഞിരുന്നു എന്നല്ലാതെ വിശദാശംങ്ങള്‍ ഒന്നും ഞാനും അറിഞ്ഞിരുന്നില്ല, 2017 മേയ് 17നു അദ്ദേഹത്തിന്റെ പത്‌നി ശ്രീമതി ഇന്ദിര രാമചന്ദ്രന്‍ ഫോണില്‍ ബന്ധപെടുന്നത് വരെ. വലിയചതിക്കെണികളുടെ പിന്നാമ്പുറ കഥകള്‍ ആണ് അന്നെന്നോടാ അമ്മ കരഞ്ഞു കൊണ്ടു പറഞ്ഞത്.

അതിലേക്കൊന്നും ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. അതൊക്കെ അദ്ദേഹം തന്നെ വെളിപ്പെടുത്തുമെന്നു ഞാന്‍ കരുതുന്നു. എന്‍ആര്‍ഐ സെല്‍ പ്രഭാരി കൂടി ആയ ഞാന്‍ എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ആ അമ്മയ്ക്ക് വാഗ്ദാനം ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ ഡല്‍ഹിയില്‍ പോയി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ മുരളീധര റാവുവിനെ കണ്ട് കാര്യങ്ങള്‍ എല്ലാം വിശദമായി ധരിപ്പിച്ചു.

അദ്ദേഹത്തിന്റെ കൂടെ അപ്പോള്‍ തന്നെ കേന്ദ്രമന്ത്രി ശ്രീമതി സുഷമാ സ്വരാജിനെ ചെന്നു കണ്ടു. രോഗാവസ്ഥയില്‍ ക്ഷീണിതയായിരുന്നിട്ടു പോലും എല്ലാം കേള്‍ക്കുകയും അപ്പോള്‍ തന്നെ അംബാസിഡര്‍ ശ്രീ നവദ്വീപ്‌സിങ് സൂരിയെയും കോണ്‍സുലേറ്റ് ജനറല്‍ വിപുലിനെയും വിളിച്ചു ചുമതലകള്‍ ഏല്‍പ്പിച്ചു. 22 ബാങ്കുകളുമായും 6 വ്യക്തികളുമായും ആണ് കേസുകള്‍ ഉണ്ടായിരുന്നതെന്ന് അപ്പോഴേ അറിയാന്‍ കഴിഞ്ഞു. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടും ഉള്ള എല്ലാ സഹായങ്ങളും സുഷമാജി ഞങ്ങള്‍ക്ക് ഉറപ്പു തന്നു.

കേന്ദ്രമന്ത്രിസഭയില്‍ നിന്നു ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കിട്ടാന്‍ ബി ജെ പി യുടെ ആ സമയത്തെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ജിയും എംഎല്‍എ ശ്രീ ഓ രാജഗോപാല്‍ജിയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിനെ ഒക്കെ തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ രാം മാധവ് നേരിട്ട് ഗള്‍ഫില്‍ പോയി ഇന്ദിരാ രാമചന്ദ്രനെ സന്ദര്‍ശിക്കുകയും ഒപ്പം അവിടെയുള്ള ഗള്‍ഫിലെ ഉന്നതാധികാരികളുമായി പലപ്പോഴായി അനേകം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

തുടര്‍ന്നാണ് 22 ബാങ്കുകളില്‍ 19 എണ്ണം സഹകരിക്കാമെന്ന് സമ്മതിച്ചത്. കേന്ദ്രമന്ത്രി ശ്രീ വി കെ സിംഗ് ജിയും ഇതിനിടയില്‍ പലപ്പോഴായി സഹായങ്ങള്‍ ചെയ്തു തന്നു. തുടര്‍ന്നു ബാക്കി ഉണ്ടായ 3 ബാങ്കുകള്‍ കൂടെ ഒത്തുതീര്‍പ്പിന് സമ്മതിച്ചു. അതിനോടൊപ്പം പിന്നീട് ഞങ്ങള്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി പണം നല്‍കാനുള്ള 6 പേരില്‍ അഞ്ചു പേരും ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു.

ഒരാളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. അന്തിമഘട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ബിജെപി നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ ശ്രീ അരവിന്ദ് മേനോന്‍ജി ആയിരുന്നു. അതിന്റെ കൂടി പൂര്‍ണ്ണതയില്‍ ആണ് അദ്ദേഹത്തിന് ഇന്നിപ്പോള്‍ മോചനം സാധ്യം ആയത്.

അവസാന ആളുമായുള്ള ചര്‍ച്ച നടക്കുന്നതിനിടയില്‍ അത് വരെ ഉള്ള എല്ലാ കാര്യങ്ങളും ഈ കഴിഞ്ഞ മാര്‍ച്ച് 4 കേരളശബ്ദം വാരികയില്‍ ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ വിശദമായി പറഞ്ഞിട്ടുള്ളതാണ്. ഇതിപ്പോള്‍ ചുരുക്കി പറഞ്ഞു എന്നു മാത്രം. ആദ്യമായി സംസാരിച്ച നാള്‍ തൊട്ടു അദ്ദേഹത്തിന്റെ മോചനദിവസം വരേക്കും എന്‍ആര്‍ഐ സെല്‍ പ്രഭാരി എന്ന നിലയിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലും എന്നാല്‍ കഴിയും വിധം പരിശ്രമിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്.

ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി കഴിയും മുമ്പ് തന്നെ അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസം അന്ന് കേരളശബ്ദത്തില്‍ തന്നെ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ആ വിശ്വാസം ഇന്ന് സത്യമായിരിക്കുന്നു. എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ശ്രീ ഹരികുമാറിനും ശ്രീ ചന്ദ്രപ്രകാശിനും കൂടി ഈ സമയം നന്ദി അറിയിക്കുന്നു.

പിന്നെ സഖാക്കളോട് ഒരു വാക്ക്, കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നിങ്ങളുടെ നേതാക്കന്മാര്‍ പേരു മാറ്റി തട്ടിയെടുക്കുന്ന പോലെ അര്‍ഹിക്കാത്തത് തട്ടിയെടുക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. അത് നിങ്ങള്‍ കണ്ടു ശീലിച്ചത് കൊണ്ടാണ് നിങ്ങള്‍ക്ക് കാണുന്നതെല്ലാം അത് പോലെ തോന്നുന്നതും. അത് ഞങ്ങളുടെ തെറ്റല്ല. നിങ്ങളുടെ പരാജയം മാത്രം ആണ്.

നിങ്ങളുടെ ഗതികേട് എന്നും പറയാം. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ അദ്ദേഹത്തിന്റെ നല്ല കാലത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു, എന്നാല്‍ ബിസിനസ്സില്‍ വീഴ്ച പറ്റിയ സമയത്ത് സഹായത്തിനാരെയും കണ്ടില്ല എന്നത് സത്യം മാത്രം. കഴിഞ്ഞ ഇരുപത്തഞ്ചു മാസത്തോളമായി ഇതിനു വേണ്ടി പ്രവൃത്തിച്ചിരുന്നു എങ്കിലും പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലാത്തത് കൊണ്ടാണ് ഇതൊന്നും പറഞ്ഞു കൊണ്ടിരിക്കാഞ്ഞത്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ പറയിപ്പിച്ചതാണ് ഞങ്ങളെ കൊണ്ട്..

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.