കടിച്ച പാമ്പ് കാലില്‍ ചുറ്റിവരിഞ്ഞു; കര്‍ഷകന്‍ ആശുപത്രിയിലേക്കോടി; പിന്നീട് സംഭവിച്ചത്

single-img
11 June 2018

പാമ്പ് കടിച്ചു എന്ന് കേള്‍ക്കുന്നത് വലിയ അദ്ഭുതമുള്ള കാര്യമല്ല. പക്ഷെ കടിച്ച പാമ്പ് പിടിവിടാതെ കാലില്‍ ചുറ്റിക്കിടന്നാലോ? ബിഹാറിലെ മധേപുരയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. തന്റെ കൃഷിയിടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കര്‍ഷകന്‍ പാമ്പിനെ അറിയാതെ ചവിട്ടിയത്.

ഇതോടെ പാമ്പ് കര്‍ഷകനെ കടിച്ചു. എന്നാല്‍ കടിച്ച ശേഷം ഇഴഞ്ഞുപോകുന്നതിന് പകരം പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റി വരിഞ്ഞുകിടന്നു. പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിന് സ്ഥലംവിടാന്‍ പറ്റാത്തതിന് കാരണം. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്നാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്. ആദ്യം കര്‍ഷകന്‍ ഭയന്നുപോയി. എന്നാല്‍ മനസാന്നിധ്യം വീണ്ടെടുത്ത് ആശുപത്രിയിലേക്കോടി. കടിച്ചത് വിഷമുള്ള പാമ്പല്ലെന്നും നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് കര്‍ഷകന് ആശ്വാസമായത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പാമ്പിനെ കര്‍ഷകന്റെ കാലില്‍ നിന്ന് വേര്‍പെടുത്തി. കര്‍ഷകന്റെ കാലിലുള്ള മുറിവിന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു.