കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുഞ്ഞുങ്ങളും ആയയും മരിച്ചു

single-img
11 June 2018

കൊച്ചി: കൊച്ചിയില്‍ ഡേ കെയര്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്.

ആദിത്യന്‍ (നാല്), ആയയായിരുന്ന ലത എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു കുട്ടിയുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂവര്‍ക്കും പുറമേ ഡ്രൈവര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറില്‍ നിന്നും വാഹനം പുറപ്പെട്ടത്. ആറു കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം മരിച്ച രണ്ടു പേരെയും കൂടി ഇറക്കാന്‍ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡില്‍ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു.

അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ ഫയര്‍ഫോഴ്‌സും പോലീസും എത്തി. മറിഞ്ഞ വാഹനത്തില്‍ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.