കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി: തിരുവനന്തപുരത്ത് പകര്‍ച്ചവ്യാധിയും പടരുന്നു

single-img
11 June 2018

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും ഇന്നലെ എട്ടുപേര്‍ മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുളളതിനാല്‍ തൊടുപുഴയാറിന്റേയും മൂവാറ്റുപുഴയാറിന്റേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അതിനിടെ കാലവര്‍ഷം കനത്തതോടെ തിരുവനന്തപുരം ജില്ല പകര്‍ച്ച വ്യാധികളുടെ പിടിയിലായി. എലിപ്പനിയും ഡെങ്കിപ്പനിയും വയറിളക്കരോഗങ്ങളും പടരുകയാണ്. ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 6683 പേരാണ് പനിക്കിടക്കയിലായത്.

ജൂണ്‍ മാസം പത്ത് ദിവസം പിന്നിടുമ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചത് 8 പേര്‍ക്ക്. രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത് 27പേര്‍. എലിപ്പനി പിടിപെട്ടത് 7 പേര്‍ക്കാണ്. 8 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്. വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ കൂടുതല്‍.

മഴക്കാല ശുചീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ ഉണ്ടാകാത്തതാണ് തിരിച്ചടിയായത്. മാലിന്യം നീക്കാനും കൊതുകു നശീകരണത്തിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.