ജനങ്ങളുടെ ശക്തിയെന്തെന്ന് ഒരു വര്‍ഷത്തിനകം മോദിക്ക് മനസിലാകും: മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

single-img
11 June 2018


ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒബിസി സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ആര്‍എസ്സ്എസ്സ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും നിയന്ത്രിക്കുന്ന ഭരണം രാജ്യത്തെ ഏതാനും ചിലര്‍ക്ക് വേണ്ടിയുള്ളതാണ്.

പിന്നാക്ക വിഭാഗക്കാര്‍, ദളിതര്‍, ദരിദ്ര വിഭാഗക്കാരൊക്കെ മോദി ഭരണത്തിന്‍ കീഴില്‍ അവഗണന നേരിടുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപെടുത്തി. ആര്‍എസ്സ്എസ്സും ബിജെപിയും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചെന്നും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കര്‍ഷകര്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നും വന്‍കിട വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊളളുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കൊരിയ്ക്കലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കര്‍ഷകരെ കാണാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം നടത്തിയത്.