‘മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെ’; മുല്ലപ്പള്ളിക്കെതിരെ കെപിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

single-img
11 June 2018

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമാണെന്നും ഐസിയുവില്‍നിന്ന് വെന്റിലേറ്ററിലേക്കാണ് മാറ്റുന്നതെന്നും പറഞ്ഞാണ് പോസ്റ്റര്‍‌. ഒറ്റുകാരും കള്ളന്‍മാരും തങ്ങളെ നയിക്കേണ്ട എന്നും കരുത്തുറ്റ നേതൃത്വമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും പോസ്റ്ററുകളിലുണ്ട്.

ഇന്ദിരാ ഭവന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരാനിരിക്കെയാണ് ഇന്ദിരാഭവന് മുന്നില്‍ വിമര്‍ശനങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നുത്. രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുമെന്നാണ് വിവരം.