മോദി പോരാ… പുതിയ മുഖം വരണം: 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ നേതാവിനെ കൊണ്ടുവരാന്‍ ആര്‍എസ്എസ് നീക്കം

single-img
11 June 2018

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്എസ്സ് നേതൃത്വം പുതിയ മുഖം തേടുന്നതായി സൂചന. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ വന്നാല്‍ ബിജെപിക്ക് മതേതര പാര്‍ട്ടികളുടെ പിന്‍തുണ നേടുന്നതിന് സഹായിക്കുന്നയാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാനാണ് ആര്‍എസ്സ്എസ്സ് നീക്കമെന്ന ആരോപണവുമായി ശിവസേന രംഗത്ത് വന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത് പൊലെ വന്‍ വിജയം അടുത്ത തെരഞ്ഞെടുപ്പില്‍ നേടാനാകില്ലെന്നും ബിജെപി നേതൃത്വവും ആര്‍എസ്സ്എസ്സും തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മതേതര പാര്‍ട്ടികളുടെ പിന്‍തുണ നേടുന്നതിനായി മതേതര നിലപാടുള്ള വ്യക്തികളെ ആര്‍എസ്സ്എസ്സ് നേതൃത്വം പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്സ്എസ്സ് ആസ്ഥാനത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ സജീവമായത്. ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് ആര്‍എസ്സ്എസ്സ് നേതൃത്വം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ചത്.

എന്നാല്‍ പ്രണബിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി തന്നെ പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് പറഞ്ഞ് ഈ ആരോപണത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ ബിജെപിയെ സംബന്ധിച്ചടുത്തോളം അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പുറത്തുള്ള കക്ഷികളുടെ പുന്‍തുണ തേടേണ്ട സാഹചര്യമാണുള്ളത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക മോഡല്‍ പ്രതിപക്ഷ ഐക്യം മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്കുള്ളില്‍ നില്‍ക്കുന്ന ജെഡിയു നേതാവ് നിതീഷ്‌കുമാറിനും സാധ്യത കല്‍പ്പിക്കുന്നവരുണ്ട്.

എന്നാല്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ പറയുന്നത്. നിലവില്‍ എന്‍ഡിഎ യുടെ ഭാഗമല്ലാത്ത ഒഡീഷയിലെ ബിജു ജനതാദള്‍, തമിഴ്‌നാട്ടിലെ എഐഡിഎംകെ, ആന്ദ്രപ്രദേശിലെ വൈഎസ്സ്ആര്‍ കോണ്‍ഗ്രസ് എന്നീപാര്‍ട്ടികളെ മുന്നണിയിലെത്തിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്.

നിലവിലെ പ്രതിപക്ഷ ഐക്യമെന്ന കോണ്‍ഗ്രസ്സ് ആവശ്യത്തോട് തെലങ്കാനയിലെ തെലങ്കാന രാഷ്ട്രസമിതിയും സഹകരിക്കുന്നില്ല. കോണ്‍ഗ്രസുമായും ബിജെപിയുമായും സഹകരിക്കാതെ മൂന്നാം മുന്നണി രൂപീകരിക്കാനാണ് ടിആര്‍എസ്സ് നീക്കം നടത്തുന്നത്.