മോദിയുടെ ആ ‘തള്ളും’ പൊളിഞ്ഞു: പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണം ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വിവരാവകാശ രേഖ

single-img
11 June 2018

പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണം ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ശ്രമിച്ചെന്ന് കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എവിടെ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്.

ഏറെ ഗൗരവമുള്ള വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അപേക്ഷയിലുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്നായിരുന്നു ഇതിനുള്ള മറുപടി.

ഇതുമായി ബന്ധപെട്ട് ഔദ്യോഗിക രേഖകളില്ലെന്നും മറുപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നേരത്തെ, പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം കാരണം ഏതാനം ദിവസം തടസ്സപെട്ടിരുന്നു.

മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹമ്മൂദ് കസ്രിയ്ക്ക് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ നല്‍കിയ അത്താഴ വിരുന്നിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ കരസേനാ മേധാവി ദീപക്ക് കപൂര്‍ എന്നിവര്‍ അന്നത്തെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഏറെ വിവാദമായ പ്രധാനമന്ത്രിയുടെ പ്രസംഗമാണ് ഇപ്പോള്‍ ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.