രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതിഷേധം കത്തുന്നു; കെപിസിസി നിര്‍വാഹക സമിതി വിളിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍

single-img
11 June 2018

കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റ് വിവാദം കത്തുന്നതിനിടെ കെപിസിസി നിര്‍വാഹക സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാഷ്ട്രീയകാര്യ സമിതി വിവാദം ചര്‍ച്ചചെയ്യുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായമാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടിയിലെ വ്യവസ്ഥാപിതവും ഔദ്യോഗികവുമായ സമിതികളിലൊന്നും ചര്‍ച്ചചെയ്യാതെയാണ് രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പ്രതിഷേധവും യുത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ഉയര്‍ത്തുന്ന എതിര്‍ സ്വരങ്ങളുമൊക്കെ മൂവര്‍ സംഘം തീരുമാനമെടുത്തതിനെതിരെയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനെതിരെയാണ് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്റിന് പരാതി നല്‍കിയതും.

എന്നാല്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനായി രാഷ്ട്രീയ കാര്യസമിതി വിളിക്കുന്നതിനാണ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ തയ്യാറായത്. എന്നാല്‍ ഇത് പോരെന്നും കൂടുതല്‍ വിശാലമായ നിര്‍വ്വാഹക സമിതി വിളിക്കുന്നതിന് നേതൃത്വം തയ്യാറാകണമെന്നുമാണ് ചില നേതാക്കളുടെ അഭിപ്രായം.

മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും നിശ്ചയിച്ച് ഡിസിസികളെ പുനസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് രാഷ്ട്രീയ കാര്യസമിതിക്ക് രൂപം നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ നയപരമായ കാര്യങ്ങളില്‍ രാഷ്ട്രീയ കാര്യസമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. ചില മുതിര്‍ന്ന നേതാക്കളുടെ തീരുമാനം രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനമായി മാറുന്നു. തുടങ്ങിയ ആക്ഷേപങ്ങളാണ് യുവനേതാക്കളടക്കം ചിലര്‍ക്കുള്ളത്.

വിശാലമായ നിര്‍വ്വാഹക സമിതി ചേര്‍ന്നാല്‍ മാത്രമേ പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും പോഷക സംഘടനാ നേതാക്കളില്‍ നിന്നും അഭിപ്രായ സമാഹരിക്കാന്‍ കഴിയൂവെന്നും നേതാക്കള്‍ പറയുന്നു. അതേസമയം നിര്‍വ്വാഹക സമിതി വിളിക്കുന്നതില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനാണ് തീരുമാനമെടുക്കേണ്ടത്.