ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു: മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

single-img
11 June 2018

ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ അധികാര കേന്ദ്രങ്ങളെ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ലഫ്റ്റനെന്റ് ഗവര്‍ണ്ണര്‍, ഐഎഎസ്സ് ഉദ്യോഗസ്ഥര്‍, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉപയോഗിച്ച് തന്റെ സര്‍ക്കാരിനെ അസ്ഥിരപെടുത്തുന്നതിന് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുകയാണെന്ന കുറ്റപെടുത്തലാണ് അരവിന്ദ് കെജ്രിവാള്‍ നടത്തിയത്.

ചീഫ് സെക്രട്ടറി അന്‍ഷുപ്രകാശിനെ മര്‍ദ്ദിച്ചെന്ന ആരോപണം ഉയര്‍ന്നതിന് ശേഷം മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന ഉദ്യോഗസ്ഥരെ സമരം തുടരുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആസൂത്രണത്തോടെ സമരം ഏകോപിപ്പിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണ്ണറാണെന്നും ഡെല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015 ല്‍ എഎപി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇതുവരെ ഡല്‍ഹിയിലെ മന്ത്രിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെ 14 കേസുകളാണ് സിബിഐയും അഴിമതി വിരുദ്ധ വിഭാഗവും ചുമത്തിയിരിക്കുന്നത്. കേസുകളിലൊന്നും അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയായ തനിക്കെതിരെ പുതിയ കേസുകള്‍ ചുമത്തുകയാണെന്നും ഇതെല്ലാം സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപെടുത്തുന്നതിന് വേണ്ടിയാണെന്ന് കേസുകളുമായി ബന്ധപെട്ട് അറസ്റ്റുണ്ടാകാത്തതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കേസുകള്‍ ചുമത്തി എഎപി മന്ത്രിമാരെയും അവരുമായി ബന്ധപെട്ടവരേയും അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.