ചിത്രീകരണം പൂര്‍ത്തിയായി ഒരുമാസത്തിലധികമായിട്ടും ഇപ്പോഴും മേരിക്കുട്ടി സമ്മാനിച്ച ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായും വിട്ടുപോയിട്ടില്ല; മരുന്ന് ഇപ്പോഴും കഴിക്കുന്നു: ജയസൂര്യ

single-img
11 June 2018

ജയസൂര്യ ട്രാന്‍സ്ജന്‍ഡറായി വേഷമിട്ട ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ജയസൂര്യ ഏറെ വെല്ലുവിളി നേരിട്ട ചിത്രം കൂടിയായിരുന്നു ഇത്. ചിത്രീകരണം പൂര്‍ത്തിയായി ഒരുമാസത്തിലധികമായിട്ടും ഇപ്പോഴും കഥാപാത്രം സമ്മാനിച്ച ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായും വിട്ടുപോയിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. മരുന്നുകഴിക്കുന്നുണ്ടെന്നും ജയസൂര്യ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജയസൂര്യയുടെ വാക്കുകള്‍:

രഞ്ജിത്ത് ശങ്കര്‍ എഴുതിയതും ഞാന്‍ മനസ്സില്‍ കണക്കുകൂട്ടിയ മേരിക്കുട്ടിയും ഒന്നായി എന്നതുതന്നെയാണ് ഇതില്‍ പ്രധാനം. കഥാപാത്രം മുന്നോട്ടുവെച്ച ശാരീരികവെല്ലുവിളികള്‍ വലുതായിരുന്നു. സാരി ഉടുക്കുകയെന്നത് എത്ര ഭാരിച്ചജോലിയാണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്.

ദിവസം മൂന്നുനേരം മുഖം ഷേവ് ചെയ്തു, കൈയും കാലുമെല്ലാം വാക്‌സ് ചെയ്യണം പുരികം ത്രഡ് ചെയ്യണം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കാതുകുത്തി, മേക്കപ്പിട്ടു. ഷൂട്ടിങ് സമയത്തെ ചൂടില്‍ പലതവണ മേക്കപ്പ് ഒലിച്ചുപോയി.

ഓരോതവണ ഷേവ് ചെയ്യുമ്പോഴും പിന്നെയും അത്രയും നേരം മേക്കപ്പിനായി ഇരുന്നുകൊടുത്തു. ചിത്രീകരണം പൂര്‍ത്തിയായി ഒരുമാസത്തിലധികമായിട്ടും ഇപ്പോഴും കഥാപാത്രം സമ്മാനിച്ച ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായും വിട്ടുപോയിട്ടില്ല. തൊലിക്കിപ്പോഴും ചെറിയപ്രശ്‌നങ്ങളുണ്ട്. മരുന്നുകഴിക്കുന്നു. ജയസൂര്യ പറഞ്ഞു.