ജസ്‌നയുമായി സുഹൃത്ത് ഫോണില്‍ സംസാരിച്ചത് ആയിരത്തിലേറെ തവണ: സുഹൃത്തിന് നുണപരിശോധന നടത്താന്‍ പൊലീസ് നീക്കം: രാഷ്ട്രീയ നേതാക്കള്‍ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്നു ഹൈക്കോടതി

single-img
11 June 2018

കൊച്ചി: ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി പ്രതികരണങ്ങള്‍ നിയന്ത്രിച്ചത്. ഹര്‍ജി ജൂണ്‍ 25ലേക്ക് മാറ്റി.

അതിനിടെ ജസ്‌നയുടെ തിരോധാനത്തില്‍ തുമ്പുതേടി സുഹൃത്തിന് നുണപരിശോധന നടത്താന്‍ പൊലീസ് നീക്കം. ജസ്‌നയുമായി ഈ സുഹൃത്ത് ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയതോടെയാണ് നിര്‍ണ്ണായക നീക്കം.

അതേസമയം ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

മാര്‍ച്ച് 26 നാണ് ജസ്‌നയെ പോലെയുള്ള ഒരു പെണ്‍കുട്ടിയെ അയനാവരത്ത് വച്ച് കണ്ടുവെന്ന് അവകാശപ്പെട്ടത് കൊല്ലം സ്വദേശിയായ അലക്‌സാണ്. അലക്‌സ് കടയ്ക്കരികില്‍ നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി അവിടെ നിന്നും ഫോണ്‍ ചെയ്തത്. തുടര്‍ന്ന് പെരിയാര്‍ നഗറിലേക്കുള്ള വഴിയും ചോദിച്ചു.

ഫോണില്‍ തമിഴിലാണോ മലയാളത്തിലാണോ സംസാരിച്ചതെന്ന് അറിയില്ല. എന്നോട് തമിഴിലാണ് വഴി ചോദിച്ചത്. മുഖത്ത് കണ്ണട ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ കഴിഞ്ഞതിനാല്‍ ഡ്രസ്സ് ഓര്‍മയില്ലെന്നും കടക്കാരന്‍ ഷണ്‍മുഖവേല്‍ പറഞ്ഞു.

സംഭവങ്ങളെ പറ്റി അലക്‌സ് പറയുന്നതിങ്ങനെ: കടക്കാരന്‍ ജസ്‌നയുടെ ഫോട്ടോ തിരിച്ചറിഞ്ഞു. പിന്നീട് പെരിയാര്‍ നഗറില്‍ പോയി ജസ്‌നയെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇക്കാര്യമെല്ലാം പിറ്റേ ദിവസം തന്നെ കേരള പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇനാം പ്രഖ്യാപിച്ചതിന് ശേഷം പലയിടങ്ങളില്‍ നിന്നും ജസ്‌നയെ കണ്ടതായി പലരും പറയുന്നുണ്ടെന്നും എല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു. എന്നാല്‍ സമ്മാനത്തുകയൊക്കെ പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പാണ് താന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നാണ് അലക്‌സിന്റെ നിലപാട്.