മധ്യപ്രദേശിലും ബിജെപിക്ക് ഭീഷണിയായി ഗുജറാത്തിലെ പട്ടേല്‍ സമരനായകന്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍

single-img
11 June 2018

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ഗുജറാത്തില്‍ ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തിയ ഹാര്‍ദ്ദിക്ക് പട്ടേല്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും റാലികള്‍ സംഘടിപ്പിക്കും. ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലും കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

കര്‍ഷകരുയര്‍ത്തുന്ന പ്രശ്‌നങ്ങളും യുവാക്കള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും ഉയര്‍ത്തിയാണ് ഹാര്‍ദ്ദിക്ക് പട്ടേല്‍ റാലി നടത്തുക. ഇതിനൊപ്പം സംവരണ വിഷയം കൂടി ചേര്‍ന്നാല്‍ പിന്നാക്ക, ദളിത് സമുദായങ്ങളുടെ പിന്‍തുണ നേടാമെന്നും ഹാര്‍ദ്ദിക്ക് പട്ടേല്‍ കണക്ക് കൂട്ടുന്നു.

റാലി നിലവിലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് തന്നെ ഹാര്‍ദ്ദിക്ക് പട്ടേലിന്റെ റാലി ബിജെപിയെയാണ് ലക്ഷ്യംവെയ്ക്കുകയെന്നുറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസിനെ സഹായിക്കാനുള്ള ആഹ്വാനം റാലിയിലുണ്ടാകുമോ എന്ന് വ്യക്തമല്ല.

കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടി വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനാണ് റാലിയിലൂടെ ഹാര്‍ദ്ദിക്ക് പട്ടേല്‍ ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ ഔദ്യോഗിക വിശദീകരണം. ജൂലായില്‍ റാലിക്ക് തുടക്കമിടുമെന്ന് ഹാര്‍ദ്ദിക്ക് പട്ടേല്‍ വ്യക്തമാക്കി.

റാലിയെ സംബന്ധിച്ച രൂപരേഖകള്‍ തയ്യാറാക്കുന്നതിന് മധ്യപ്രദേശിലെ തന്റെ അനുയായികള്‍ക്ക് ഹാര്‍ദ്ദിക്ക് പട്ടേല്‍ നിര്‍ദ്ദേശം നല്‍കി. മഹാകൗശല്‍, ബുന്ദേല്‍ഖണ്ഡ്, മാള്‍വാ നിമദ് എന്നിവിടങ്ങളിലെ നൂറ് നിയോജക മണ്ഡലങ്ങളിലാകും ഹാര്‍ദ്ദിക്ക് പട്ടേല്‍ റാലികളും പൊതുയോഗവും സംഘടിപ്പിക്കുക.

ഇന്‍ഡോര്‍, ഭോപ്പാല്‍, ധര്‍, സാഗര്‍ എന്നീ ബിജെപി സ്വാധീനമേഖലകളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഹാര്‍ദ്ദിക്ക് പട്ടേല്‍ അറിയിച്ചു. ഗുജറാത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ഹാര്‍ദ്ദിക് പട്ടേലിന്റെയും ദളിത് സമര നേതാവ് ജിഗ്‌നേഷ് മേവാനിയുടേയും പിന്‍തുണയില്‍ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.

മധ്യപ്രദേശിലും കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഹാര്‍ദ്ദിക്ക് പട്ടേലിന്റെ സംസ്ഥാനത്തേക്കുള്ള കടന്ന് വരവിനെ കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നത്..