പിണക്കവും വാശിയുമെല്ലാം മാറ്റിവച്ചു; മഞ്ജുവാര്യരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടിലെത്തി

single-img
11 June 2018

തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അന്ത്യോപചാരമര്‍പ്പിച്ചത്. ഒരു മണിക്കൂറിലധികം മരണവിട്ടിലുണ്ടായിരുന്ന ഇരുവരും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഞായറാഴ്ചയാണ് മരണമടഞ്ഞത്. 73 വയസ്സായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന മാധവന്‍ വാര്യര്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങളായിരുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്. അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ മഞ്ജുവിന്റെ അച്ഛന്റെ മരണവേളയില്‍ എല്ലാ പ്രശ്‌നങ്ങളും മറന്ന് ദിലീപ് മഞ്ജുവിന്റെയും കുടുംബത്തിന്റെയും അരികിലെത്തിയത് ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തിയായി.